സ്വപ്നയെ വിളിച്ചതിൽ വിശദീകരണവുമായി വീണ്ടും ജലീൽ


തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷുമായി പേഴ്സണൽ സ്റ്റാഫും താനും സംസാരിച്ചതിൽ വീണ്ടും വിശദീകരണവുമായി മന്ത്രി കെ.ടി. ജലീൽ. യുഎഇ കോണ്‍സുൽ ജനറലിന്‍റെ സെക്രട്ടറിയുമായി അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച കോളുകളുടെ ദൈർഘ്യം വെറും പതിനഞ്ച് മിനിറ്റിൽ താഴെയാണെന്നാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: ആകേ സമയം പതിനഞ്ചു മിനുട്ടിൽ താഴെ യു.എ.ഇ കോണ്‍സൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി തന്‍റെ ഫോണിൽ നിന്ന് ഭക്ഷണക്കിറ്റുമായി ബന്ധപ്പെട്ട് സ്വമേധയാ വാട്സ്അപ്പ് സന്ദേശത്തിലൂടെ നിർദ്ദേശിച്ച പ്രകാരം അവരുടെ സെക്രട്ടറിയെ ഞാനങ്ങോട്ടും അവരെനിക്കിങ്ങോട്ടും വിളിച്ച ഫോണ്‍ കോളുകളുടെ സമയവും ദൈർഘ്യവും ഇന്നെല്ലാ പത്രങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാതൃഭൂമി വാർത്തയാണ് ഇമേജായി കൊടുത്തിരിക്കുന്നത്. എല്ലാംകൂടി പതിനഞ്ചു മിനുട്ടിൽ താഴയേ ഉള്ളൂ ഞാൻ വിളിച്ച സമയം. ശരാശരി ഒരു കോൾ ദൈർഘ്യം ഒന്നര മിനുട്ടാണെന്നർത്ഥം. ഒരു വിദേശ രാജ്യത്തിന്‍റെ കേരളത്തിലെ പ്രതിനിധി പറഞ്ഞതനുസരിച്ച് തികച്ചും ഒൗദ്യോഗിക കാര്യങ്ങൾ മാത്രമാണ് അവരുടെ സെക്രട്ടറിയോട് സംസാരിച്ചതെന്നതിന് ഇതിലധികം മറ്റെന്തു തെളിവു വേണം?


എല്ലാവരും യുഡിഎഫ് നേതാക്കളെപ്പോലെയും മന്ത്രിമാരെപ്പോലെയുമാണെന്ന് വിചാരിക്കരുത്. എന്‍റെ സ്റ്റാഫ് വിളിച്ചതും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടാണ്. കോണ്‍സുലേറ്റിൽ പിആർഒ ആയി പ്രവർത്തിക്കുന്ന വ്യക്തിയുമായാണ് അവർ ടെലഫോണിൽ സംസാരിച്ചത്. ഇരുവരും കൂടി അഞ്ചോ ആറോ കോളുകൾക്കായി എടുത്തത് എട്ടോ പത്തോ മിനുട്ടുകൾ മാത്രം. അതിൽ ഗണ്‍മാൻ ചെയ്ത മൂന്ന് കോളുകളുടെ ശബ്ദരേഖ ഉണ്ട്താനും. സാധാരണ ഞാൻ മാസത്തിലൊരിക്കൽ വാട്സ്അപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാറുണ്ട്. എന്നാൽ കഴിഞ്ഞ നാലഞ്ചുമാസമായി വാട്സ്അപ്പ് ചാറ്റിംഗ് ക്ലിയർ ചെയ്യാൻ എന്തോ മറന്നുപോയി. ദൈവ സഹായം മറവിയായും വരുമെന്ന് ബോദ്ധ്യമായ സന്ദർഭം കൂടിയാണിത്. തല ഉയർത്തിപ്പറയുന്നു; ഏതന്വേഷണ ഏജൻസിക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ വരാം. എല്ലാ രേഖകളും എന്‍റെ കയ്യിൽ ഭദ്രമായുണ്ട്.


യുഎഇ കോണ്‍സുലേറ്റ് 2019 ൽ തിരുവനന്തപുരത്ത് വിതരണം ചെയ്ത ഭക്ഷണക്കിറ്റുകളുടെ ഉൽഘാടനം ഞാനായിരുന്നു നിർവഹിച്ചത്. അതിന്‍റെ ചിത്രം കോണ്‍സുലേറ്റ് തന്നെ അവരുടെ സൈറ്റിൽ അന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിലൊന്നാണ് ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത പല ഫോട്ടോകളിൽ ഒന്ന്. മുൻ വർഷങ്ങളിലും ഭക്ഷണപ്പെട്ടികൾ കോണ്‍സുലേറ്റ് നൽകിയിരുന്നു എന്നതിന് തെളിവായിട്ട്. കോവിഡ് കാലത്ത് തവനൂർ മണ്ഡലത്തിലെ എല്ലാ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ബസ് ജീവനക്കാർക്കും ബാർബർമാർക്കും തീരദേശവാസികൾക്കും കക്ഷിയും രാഷ്ട്രീയവും മതവും ജാതിയും നോക്കാതെ സ്ഥലം ങഘഅ എന്ന നിലയിൽ ഉദാരമതികളിൽ നിന്ന് സ്വരൂപിച്ച് നൽകിയത് പതിനായിരം കിറ്റുകളായിരുന്നു. വില്ലേജ് അസിസ്റ്റൻറ് മുതൽ ചീഫ് സെക്രട്ടറി വരെയുള്ളവരെയും മറ്റു സ്വകാര്യ വ്യക്തികളെയും മണ്ഡലത്തിലെ ജനങ്ങൾക്കു വേണ്ടി ഞാൻ തന്നെയാണ് നേരിട്ട് അധികവും വിളിക്കാറ്. ഒന്നും നീട്ടിവെക്കുന്ന ശീലമില്ല. കഴിയുന്ന സഹായം നിയമാനുസൃതമായി, നമ്മുടെ മുന്നിൽ വരുന്നവർക്ക് ചെയ്ത് കൊടുക്കാൻ എപ്പോഴും ജാഗ്രത കാണിച്ചിട്ടുണ്ട്. ദേഹവും ദേഹിയും വേർപിരിയുന്നത് വരെ അത് തുടരും. ഭയപ്പെട്ട് പിന്തിരിയുന്ന പ്രശ്നമേയില്ല’’.

You might also like

  • Straight Forward

Most Viewed