സ്വർണക്കടത്ത് കേസിൽ വി. മുരളീധരൻ സംശയത്തിന്‍റെ നിഴലിൽ: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ സംശയത്തിന്‍റെ നിഴലിലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നയതന്ത്രബാഗിലല്ല സ്വർണംകടത്തിയതെന്നാണു മുരളീധരൻ പറഞ്ഞത്. എന്നാൽ നയതന്ത്രബാഗിലാണെന്നു എൻഐഎ പറയുന്നത്. സ്വർണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനക്കാരിലേക്കും വിരൽചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂശാനാണോ മുരളീധരന്‍റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല. വിദേശകാര്യസഹമന്ത്രിയായി തുടരുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഈ സ്വർണക്കടത്ത് പുറത്തുവന്നയുടൻ പലർക്കുമെതിരേ വിരൽചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവർ ഏറെയാണ്. അവരെല്ലാം തെളിവുകൾ അന്വേഷകർക്ക് കൈമാറണം. എൽഡിഎഫ് സർക്കാരിനെതിരേ ബിജെപി− യുഡിഎഫ് കൂട്ടുകെട്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങളുടെ പുകമറയുയർത്തുന്നവർ യതാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും കോടിയേരി ആരോപിച്ചു.

