രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട


തിരുവനന്തപുരം: കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. യാത്രക്കാര്‍ തിരിച്ചറിയല്‍ കാർഡ് നിർബന്ധമായും കരുതിയിരിക്കണം.

അത്യാവശ്യകാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും പോലീസ് പാസ് വാങ്ങേണ്ടതാണ്. എന്നാൽ അവശ്യസര്‍വ്വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളുമായി ബന്ധപ്പെട്ട് രാത്രി ഏഴിനുശേഷം യാത്രചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയാകും. ഹോട്ടലിലും മറ്റും നിന്ന് രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്സലായി വാങ്ങാന്‍ അനുവാദം നല്‍കിയതായും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

അതുപോലെ പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പോലീസിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കുമെന്നും ഡിജിപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പോലീസിന്‍റെ #BaskInTheMask ക്യാംപെയ്നിന്‍റെ ഭാഗമായി മാസ്ക് സൗജന്യമായി വിതരണം ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed