എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ വീണ്ടും നീട്ടി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി. മെയ് 31− വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക്ഡൗൺ മാനദണ്ധത്തിലുള്ളതിനാലാണ് തീരുമാനം. മെയ് 26നാണ് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ വീണ്ടും തുടങ്ങാനിരുന്നത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്താനാകുമോ എന്നത് ആലോചിക്കുന്നുണ്ട്.
മെയ് 31ന് ശേഷം എപ്പോൾ പരീക്ഷകൾ നടത്താനാകുമെന്നതും, അങ്ങനെ നടത്തുന്പോൾ എന്തെല്ലാം സുരക്ഷാ മാനദണ്ധങ്ങൾ വേണം എന്നതും, അതിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം എന്നതും ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ഇത് വരെ പൂർത്തിയായ എസ്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയവും ഇന്ന് തുടങ്ങുകയാണ്.