പ്രവാസികളെ ഉടൻ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ: നിലപാട് വ്യക്തമാക്കിയത് കെ.എം.സി.സിയുടെ ഹർജിയിൽ


കൊച്ചി: പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുബൈ കെ.എം.സി.സി നൽകിയ ഹർജിയിൽ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിസ കാലാവധി തീരുന്ന പ്രശ്നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. കൂടാതെ പ്രതിരോധത്തിനാണ് ഇപ്പോൾ മുഖ്യ പരിഗണന നൽകുന്നതെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. 

പ്രവാസികളെ കേരളം കൊണ്ടുവരാൻ തയ്യാറെങ്കിൽ‍ അതിനെ പറ്റി ആലോചിച്ച് കൂടെ എന്ന്  ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാൽ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാൻ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. സുപ്രീംകോടതിയിൽ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച്  ഹർജിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട ഹർജി 21ലേക്ക് മാറ്റി.

ഗൾ‍ഫ് നാടുകളിലേക്ക് മെഡിക്കൽ സംഘത്തെ അയക്കുന്നതിന് അവിടുത്തെ അനുവാദം ആവശ്യമില്ലേയെന്നും കോടതി ചോദിച്ചു. ആവശ്യപ്പെടാതെ മെഡിക്കൽ ടീം അയക്കാൻ ആവില്ല. മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളും വന്നാൽ ബുദ്ധിമുട്ട്  ആകുമെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിൽ നിന്നും വിദഗ്ധ മെഡിക്കൽ സംഘത്തെ എത്രയും പെട്ടന്ന് അയക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം സുലൈമാൻ സേട്ട് കൾച്ചറൽ ഫോറമാണ് ഹർജി നൽകിയത്. ഗൾഫ് നാടുകളിലെ ആരോഗ്യ രംഗം നിലവിലെ സാഹചര്യത്തെ അതിജീവിക്കാൻ അപര്യാപ്തമാണെന്നായിരുന്നു ഹർജിയിലെ വാദം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed