ചടങ്ങ് മാത്രമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി

തൃശൂര്‍
ചടങ്ങ് മാത്രമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി. ക്ഷേത്രം പരിചാരകന്മാരും ദേവസ്വം പ്രതിനിധികളും മാത്രമായാണ് നിയന്ത്രണങ്ങളോടെ ചടങ്ങ് പൂര്‍ത്തിയാക്കിയത്. ക്ഷേത്ര നടപന്തലുകള്‍ക്കുള്ളിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചില്ല.
പുലര്‍ച്ചെ 2.30 മുതല്‍ 3 മണിവരെ നീണ്ട വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായി ചുരുക്കിയാണ് പൂര്‍ത്തിയാക്കിയത്. തലേനാള്‍ അത്താഴപൂജക്ക് ശേഷം കീഴ്ശാന്തിമാര്‍ കണി തയ്യാറാക്കി വച്ചിരുന്നു. മുഖമണ്ഡപത്തിലെ സ്വര്‍ണ്ണപ്പീഠത്തില്‍ തിടമ്പ് എഴുന്നള്ളിച്ചു വച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി തിരി തെളിയിച്ച് ഭഗവാനെ കണികാണിച്ചു. കൈനീട്ടമായി തൃക്കൈയില്‍ പുത്തന്‍പണം സമര്‍പ്പിച്ചു. മൂന്ന് മണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ചുരുക്കം ഭക്തര്‍ കിഴക്കേനടയിലെ നടപന്തലിനു മുന്നില്‍ തൊഴുതു മടങ്ങി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ക്കായുള്ള വിഷു സദ്യയും കാഴ്ചശീവേലിയും വിഷുവിളക്കും ഒഴിവാക്കിയിരുന്നു.