പ്രവാസികളെ നാട്ടിൽ എത്തിക്കുന്പോൾ ജാഗ്രത പാലിക്കണം; ഹൈക്കോടതി

കൊച്ചി: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ആൾക്കാരെ എത്തിക്കുന്പോൾ ഏറെ ജാഗ്രത വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണയിൽ ആണെന്നും സർക്കാർ അറിയിച്ചു. കേരള സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഹൈക്കോടതി പ്രശംസിച്ചു. കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശത്തു കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതു സംബന്ധിച്ച് നയപരമായ എന്തെങ്കിലും തീരുമാനങ്ങൾ എടുത്തിട്ടുണ്ടോ എന്ന് അറിയിക്കണം. അടുത്ത വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.