ബാറുകളും ബിവറേജുകളും അടച്ചി‌ടുന്നത് ഏപ്രിൽ 21 വരെ; മദ്യം ഓൺലൈനായി ലഭ്യമാക്കും‌


തിരുവനന്തപുരം: രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതിനു പിന്നാലെ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചിടാൻ തീരുമാനം. ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രില്‍ 21 വരെയാണ് മദ്യശാലകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം ലഭ്യമാക്കാന്‍ ഓണ്‍ ലൈന്‍ സംവിധാനം ഒരുക്കും. ഇതു സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഓണ്‍ലൈന്‍ വഴി എങ്ങനെ മദ്യം എത്തിക്കാം എന്നതു സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.

അതേസമയം കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈനായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കടതി ചെലവു സഹിതം തള്ളിയിരുന്നു. ആലുവ സ്വദേശി ജി ജ്യോതിഷാണ് മദ്യം ഓൺലൈനിൽ ലഭ്യമാക്കണമെന്ന ഹർജിയുമായി ഹൈകോടതിയെ സമീപിച്ചത്. മദ്യം അവശ്യ വസ്തുവല്ലെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് അമ്പതിനായിരം രൂപ പിഴ വിധിക്കുകയും ചെയ്തു. ഹർജിക്കാരന്‍ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് പറഞ്ഞ കോടതി ഇത്തരം ഹരജിക്കാര്‍ പൗര ധര്‍മത്തിന്റെ അടിസ്ഥാനം എന്താണെന്നു പോലും മനസിലാക്കുന്നില്ലെന്നും പറഞ്ഞു. ബിവറേജ് ഔട്ട് ലെറ്റില്‍ എത്തുന്ന ആള്‍കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഈ സഹചര്യത്തിൽ മദ്യം ഓൺലൈനായി വിൽക്കാനുള്ള സർക്കാർ ശ്രമം വിജയിക്കുമോയെന്നും സംശയമാണ്.

 

You might also like

  • Straight Forward

Most Viewed