ഏതോ ഒരു സ്കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനനത്തെ മുഴുവൻ സ്കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകർ


കോഴിക്കോട്: വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് ശേഷം അദ്ധ്യാപകർ സ്കൂളുകളിൽ മാളം തപ്പി നടക്കുകയാണെന്ന് പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഏതോ ഒരു സ്കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനനത്തെ മുഴുവൻ സ്കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകർ. വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റം ഉണ്ടാവുന്നില്ല," കെ പി എ മജീദ് പറഞ്ഞു.
മാനേജ്മെന്റുകളെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയത്. മാനേജ്മെന്റുകളെയും അദ്ധ്യാപകരെയും വിരട്ടി കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാൻ കഴിയുമെന്ന് ആരും കരുതണ്ട. വിരട്ടൽ മുഖ്യ മന്ത്രിയുടെ തനത് ശൈലിയാണ്. മാനേജ്മെന്റുകൾ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും കെ പി എ മജീദ് പറഞ്ഞു.
വയനാട് ബത്തേരിയില്‍ സർവ്വജന സ്കൂളിലെ വിദ്യാര്‍ത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിക്കകത്ത് വച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവം സംസ്ഥാനത്ത് വൻ വിവാദത്തിന് കാരണമായിരുന്നു. അധ്യാപകരുടെ അനാസ്ഥയും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതുമാണ് പ്രധാന മരണകാരണമായി പറഞ്ഞത്. കേസിൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്താതിരുന്നതും വിമർശനത്തിന് വഴിവച്ചു. കേസിലെ ഒന്നും മൂന്നും പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി അദ്ധ്യാപകനായ ഷജിലിനും മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ കെ കെ മോഹനുമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇരുവരും സസ്പെൻഷനിലാണ്. വിവാദം കെട്ടടങ്ങിയ ശേഷമാണ് വിദ്യാർത്ഥിനിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസ്താവനയുമായി കെപിഎ മജീദ് രംഗത്ത് വന്നത്.

You might also like

Most Viewed