പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യുഷന്‍ നടപടിയില്‍ ഗവര്‍ണര്‍ എ.ജിയെ വിളിച്ചുവരുത്തി

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യൂഷൻ നടപടിയില്‍ അഭിപ്രായം ആരായാനായി ഗവര്‍ണര്‍ എ.ജിയെ വിളിച്ചുവരുത്തി. രാജ്ഭവനില്‍ എത്താനാണ് എ.ജിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യുട്ട് ചെയ്യാന്‍ വിജിലന്‍സ് നല്‍കിയ അപേക്ഷിയില്‍ അനുമതി നല്‍കാതെ സര്‍ക്കാര്‍ മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ താല്‍പര്യവും ഇടപെടലുമാണ് അനുമതി വൈകിക്കാന്‍ കാരണമെന്നും ആരോപണം ഉയര്‍ന്നിരുന്നു. നടപടി നീളുന്നതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി തന്നെ പരാമര്‍ശവും നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് എ.ജിയെ ഗവര്‍ണര്‍ വിളിപ്പിച്ചത്.
ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി വേണമെന്നും മൂന്ന മാസം മുന്‍പാണ് വിജിലന്‍സ് കത്ത് നല്‍കിയത്. എം.എല്‍.എ ആയതിനാല്‍ പ്രോസിക്യുഷന്‍ നടപടിക്ക് അനുമതി ആവശ്യമായതിനാല്‍ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഗവര്‍ണര്‍ മൂന്നു തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വിശദീകരണം കൈമാറിയിരുന്നില്ല. അതുകൊണ്ടുതന്നെ ഗവര്‍ണറുടെ അനുമതി വൈകുന്നതിനാല്‍ പ്രോസിക്യുഷന്‍ നടപടികളും നീണ്ടുപോയിരുന്നു.
നേരത്തെ സാക്ഷിയെന്ന നിലയില്‍ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടി.ഒ സൂരജ് അടക്കമുള്ളവര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.