സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് ഒ.രാജഗോപാൽ

തിരുവനന്തപുരം: സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും അല്ലാതെ രാജ്യത്തിന്റെ നന്മയ്ക്കല്ലെന്നും ഒ.രാജഗോപാൽ. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് വീരവാദം പറയുന്നവരാണ് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചതെന്നു രാജഗോപാൽ പറഞ്ഞു. രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണ്. രാഷ്ട്രീയത്തിലെ താൽക്കാലിക ലാഭം നോക്കി ചിലർ അർഥ സത്യങ്ങൾ പറയാറുണ്ട്. പക്ഷേ രാഷ്ട്രത്തിന്റെ കാര്യത്തിൽ ഗൗരവമായി ചിന്തിക്കണം. ഇന്നമതക്കാരേ രാജ്യത്ത് പാടുള്ളൂ എന്ന് ആരും പറഞ്ഞിട്ടില്ല. ഇന്നമതക്കാർക്കേ രാജ്യത്ത് അവകാശമുള്ളൂ എന്നും ആരും പറഞ്ഞിട്ടില്ല. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമം മുസ്‌ലിംകൾക്ക് എതിരാണെന്നാണ് പ്രചാരണം. അബ്ദുൾകലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണെന്ന് ഈ വിമർശകർ ഓർക്കണം.
നമ്മുടെ നാട്ടിൽ വിനോദ സഞ്ചാരികളും കച്ചവടക്കാരുമെല്ലാം എത്താറുണ്ട്. അവരാരും പൗരൻമാരല്ല. പൗരത്വമെന്നാൽ അധികാരം കൊടുക്കലാണ്. ജാതിക്കും മതത്തിനും അതീതമായി നാട്ടിൽ ജീവിക്കുന്ന, രാജ്യത്തെ സ്നേഹിക്കുന്നവരെല്ലാം പൗരൻമാരാണ്. ഇന്ന മതക്കാർക്ക് പൗരത്വം കൊടുക്കില്ല എന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു എന്ന് പ്രചാരണം നടത്തി കുതിരകയറാനുള്ള ശ്രമം വൃഥാവിലാകും. ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഒ.രാജഗോപാൽ പറഞ്ഞു.