കിടപ്പുമുറിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ഭർത്താവ് കുറ്റ സമ്മതം നടത്തി

കൊല്ലം: മുളവന ചരുവിള പുത്തൻ വീട്ടിൽ കൃതി (25) കിടപ്പുമുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിൽ കീഴടങ്ങിയ ഭർത്താവ് കൊല്ലം കോളേജ് ജംക്‌ഷൻ ദേവിപ്രിയയിൽ വൈശാഖ് ബൈജു (28)വിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കുടുംബ പ്രശ്നങ്ങളുടെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു പോലീസിൽ മൊഴിനൽകി. തിങ്കളാഴ്ച വൈകിട്ട് 7 ന് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയിൽ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തി വച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നും അയാൾ പറയുന്നു.