യു.എ.പി.എ അറസ്റ്റ് അന്യായം; സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് എം.സ്വരാജ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ പോലീസ് നടപടിക്കെതിരെ എം സ്വരാജ് എം.എൽ.എ. വാര്‍ത്തകളുടേയും ലഭ്യമായ വിവരങ്ങളുടേയും അടിസ്ഥാനത്തിൽ പോലീസ് എടുത്ത നടപടി തീര്‍ത്തും അന്യായമാണെന്ന് എം.സ്വരാജ് പ്രതികരിച്ചു. യു.എ.പി.എ കരിനിയമം ആണെന്നാണ് എക്കാലത്തും സി.പി.എം നിലപാട്. യുവാക്കളെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ നടപടി സര്‍ക്കാര്‍ പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അത് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു,
പൊലീസ് തെറ്റായ നടപടി എടുത്താലും സര്‍ക്കാര്‍ നിലപാട് കൂടി അനുകൂലമാകാതെ യുഎപിഎ നിലനിൽക്കില്ല. പോലീസിന് സംഭവിച്ച പിശക് സര്‍ക്കാര്‍ തിരുത്തും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പോലീസ് നടപ്പാക്കേണ്ടത് സര്‍ക്കാർ നയമാണ്. കേരളത്തിലെ പോലീസിന് പക്ഷെ ഇപ്പോഴും തെറ്റായ പ്രവണതകളുണ്ടെന്നും എം.സ്വരാജ് കുറ്റപ്പെടുത്തി.
അതേസമയം വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കൾക്കെതിരെ യു.എ.പിഎ ചുമത്തിയതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ലഘുലേഖ വിതരണം ചെയ്തതിനോ നോട്ടീസ് വായിച്ചതിനോ അല്ല അറസ്റ്റ്. മറിച്ച് വ്യക്തമായ തെളിവുകൾ അറസ്റ്റിലായവര്‍ക്ക് എതിരെ ഉണ്ടെന്നും യുവാക്കൾ നഗര മാവോയിസ്റ്റുകളാണെന്നും പോലീസ് വിശദീകരിക്കുകയാണ്.