സിസ്റ്റർ‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠത്തിൽ‍ നിന്നിറങ്ങണമെന്ന് സഭ


വയനാട്: സിസ്റ്റർ‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍.സി.സി).  മകളെ മഠത്തിൽ‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. ലൂസിക്ക് ഒരു അവകാശവും നൽ‍കില്ലെന്നും സഭ കത്തിൽ‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകൾ‍ക്ക് ശക്തമായ പിന്തുണ നൽ‍കിയതിന്‍റെ  പേരിലാണ് ലൂസി കളപ്പുരയ്ക്കെതിരെ കർശന നയപടിയെടുത്തത്.  മെയ് 11 ന് ചേർ‍ന്ന ജനറൽ‍ കൗൺസിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയിൽ‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.  കാരണം കാണിക്കൽ നോട്ടീസിന്  ലൂസി കളപ്പുര നൽ‍കിയ  വിശദീകരണം  തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നൽ‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും  പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു. 

കാനോൻ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങൾ‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നൽ‍കിയിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശന്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചിലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‍ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed