രാഹുൽ ഗാന്ധിയെത്തി: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുന്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി, ശശി തരൂർ എം.പി തുടങ്ങി പ്രമുഖ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
അന്തരിച്ച കോൺഗ്രസ് നേതാവും എം.പിയുമായിരുന്ന എം.ഐ ഷാനവാസിന്‍റെ വീട്ടിലേക്കാണ് രാഹുൽ ഗാന്ധി ആദ്യം പോയത്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവള പരിസരത്ത് എത്തിയിരുന്നത്. എം.ഐ ഷാനവാസിന്‍റെ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ നടന്ന കോൺഗ്രസ് ബൂത്ത് കമ്മിറ്റി അധ്യക്ഷൻമാരുടെ നേതൃയോഗത്തിൽ രാഹുൽ പങ്കെടുത്തു. നിർണായകമായ തെരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് കോൺഗ്രസ് അധ്യക്ഷന്‍റെ വരവിന്‍റെ ഉദ്ദേശം.