പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ സ്വത്തല്ല, പൊതുസ്വത്തെന്ന് രാജകുടുംബം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രവും അതിലുള്ള സ്വത്തുക്കളും സ്വകാര്യമല്ലെന്നും പൊതുസ്വത്താണെന്നും തിരുവിതാംകൂർ രാജകുടുംബം. സുപ്രീംകോടതിയിലാണ് രാജകുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്നും അതിലെ ആസ്‌തി സ്വകാര്യസ്വത്താണെന്നായിരുന്നു രാജകുടുംബത്തിന്റെ നിലപാട്.
ക്ഷേത്രഭരണം തങ്ങൾക്ക് നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ രാജകുടുംബം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കേസിൽ നാളെയും സുപ്രീം കോടതിയിൽ വാദം തുടരും. പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഏതാണ്ട് ഒരുലക്ഷം കോടിയോളം വിലവരുന്ന സ്വത്തുക്കൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉണ്ടെന്നാണ് കണക്ക്.