പിടികിട്ടാപ്പുള്ളിയായ എസ്.എഫ്.ഐ നേതാവ് മന്ത്രിമാർ പങ്കെടുത്ത പൊതുപരിപാടിയിൽ

തിരുവനന്തപുരം: പോലീസുകാരെ മർദ്ദിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായ എസ്എഫ്ഐ നേതാവ് രണ്ട് മന്ത്രിമാർ സംബന്ധിച്ച പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യൂണിവേഴ്സിറ്റി കോളേജിൽ തിങ്കളാഴ്ച നടന്ന പരിപാടിയിൽ മന്ത്രി എ.കെ ബാലനും കെ.ടി ജലീലിനുമൊപ്പം മുഖ്യപ്രതി നസീം പങ്കെടുത്തിട്ടും പോലീസ് പിടികൂടിയില്ല. ഉന്നത രാഷ്ട്രീയ ഇടപെടലാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
ഇക്കഴിഞ്ഞ ഡിസംബർ 12നാണ് തിരുവനന്തപുരം പാളയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരെ സിഗ്നൽ ലംഘനം ചോദ്യം ചെയ്തതിന് എസ്എഫ്ഐ പ്രവർത്തകൻ നസീം ഉൾപ്പെടെയുള്ള സംഘം മർദ്ദിച്ചത്. ആറ് പ്രതികളുള്ള കേസിൽ നാല് പേർ നേരത്തെ കീഴടങ്ങിയിരുന്നു. മുഖ്യപ്രതിയായ യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം ഉൾപ്പെടെയുള്ള രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലെന്നാണ് പോലീസിന്റെ വിശദീകരണം.