പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗി മരിച്ചു; നഴ്സിന് മർദ്ദനം

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ചു നഴ്സിനു മർദ്ദനം. തേങ്കുറുശ്ശി കടുങ്ങം പള്ളിത്തൊടി വീട്ടിൽ അനന്തൻ (45) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. 10നാണ് അനന്തനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ രോഗം മൂർച്ഛിച്ചതോടെ നഴ്സിന്റെ സഹായം തേടിയെങ്കിലും ചികിത്സ വൈകിയെന്നാരോപിച്ചു നഴ്സ് ഹബീനയെ ഒരു പുരുഷനും സ്ത്രീയും ചേർന്നു മർദ്ദിക്കുകയായിരുന്നു.
കൈയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റ ഹബീന ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ ജോലി തടസ്സപ്പെടുത്തൽ, മർദ്ദനം, ആശുപത്രി സംരക്ഷണ നിയമം വകുപ്പുകൾ പ്രകാരം സൗത്ത് പോലീസ് കേസെടുത്തു.
പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്നു പോലീസ് അറിയിച്ചു. സംഭവത്തിൽ ജില്ലാ ആശുപത്രിലെ ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഇന്നു മുതൽ പണിമുടക്കുമെന്നാണു ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിലപാട്. ചികിത്സ സംബന്ധിച്ചു പരാതികളില്ലെന്നു ബന്ധുക്കൾ രേഖാമൂലം അറിയിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. വി. രമാദേവി പറഞ്ഞു. നഴ്സിന്റെയും ഡോക്ടറുടെയും ഭാഗത്തു വീഴ്ചകളില്ല. യഥാസമയം രോഗിക്കു ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. രോഗിക്കു മഞ്ഞപ്പിത്ത ബാധ ഉള്ളതായും ഇതുമൂലമുള്ള ആന്തരിക രക്തസ്രാവം സംഭവിച്ചതാകാം മരണകാരണമെന്നുമാണു ഡോക്ടർമാരുടെ നിഗമനം. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. സബിതയാണ് അനന്തന്റെ ഭാര്യ. മകൾ: അനീന.