പാ­കി­സ്ഥാൻ പു­തി­യ ആണവാ­യു­ധങ്ങൾ വി­കസി­പ്പി­ക്കു­ന്നെ­ന്ന് അമേരിക്ക


വാഷിംഗ്ടൺ : മധ്യദൂര ക്രൂസ് മിസൈലുകളടക്കം പാകിസ്ഥാൻ പുതിയ ആണവായുധങ്ങൾ വികസിപ്പിക്കുകയാണെന്നും ഇത് തെക്കൻ ഏഷ്യൻ മേഖലയിൽ കടുത്ത ആശങ്ക ഉയർത്തുന്നതായും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. അടുത്ത വർഷത്തോടെ ഉത്തര കൊറിയയുടെ നശീകരണ സ്വഭാവമുള്ള ആണവായുധങ്ങൾ അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുമെന്നും അമേരിക്കൻ നാഷണൽ ഇന്റലിൻജൻസ് ഡയറക്ടർ ഡാൻ കോട്ട്സ് അമേരിക്കൻ കോൺഗ്രസിൽ വ്യക്തമാക്കി.

അമേരിക്ക പലതവണ മുന്നറിയിപ്പ് നൽകിയിട്ടും പാകിസ്ഥാൻ ഭീകരരുമായുള്ള ബന്ധം തുടരുകയാണ്. ലഷ്കറെ തയ്ബ അടക്കമുള്ള ഭീകരസംഘടനകൾക്ക് പാകിസ്ഥാൻ ഇപ്പോഴും സുരക്ഷിത താവളമൊരുക്കുന്നുണ്ട്. ഇറാനിലേക്കും സിറിയയിലേക്കും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ കയറ്റുമുതി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2007ൽ സിറിയയിൽ ആണവ റിയാക്ടർ നിർമിക്കുന്നതിന് ഉത്തര കൊറിയ സഹായം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഉത്തര കൊറിയ നിരവധി ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിരുന്നു. ഒരു ഭൂഖണ്ധാന്തര ബാലിസ്റ്റിക് മിസൈലും കൊറിയ പരീക്ഷിച്ചിട്ടുണ്ടെന്നും കോട്ട്സ് വിശദീകരിച്ചു.

അമേരിക്കയ്ക്ക് തന്നെ ഭീഷണി ആയേയ്ക്കാവുന്ന ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തര കൊറിയയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം തീവ്രവാദി വിഭാഗങ്ങൾ ഇന്ത്യയിൽ പാകിസ്ഥാന്റെ പിന്തുണയോടെ ആക്രമണം നടത്തുന്നത് തുടരുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ  സങ്കീർണമാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.  ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ സംഘർഷഭരിതമായിത്തന്നെ തുടരും. നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടലുകൾ തുടരും. ഇന്ത്യയിൽ കൂടുതൽ ശക്തമായ തീവ്രവാദ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed