പോ­ണ്ടി­ച്ചേ­രി­യിൽ വാ­ഹനം രജി­സ്റ്റർ ചെ­യ്‌ത് നി­കു­തി­ വെ­ട്ടി­പ്പ് : കൊ­ല്ലത്ത് 32 പേ­ർ‌­ക്ക് നോ­ട്ടീ­സ്


കൊല്ലം : വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച ജില്ലയിലെ 32 പേർക്ക് മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച മൂന്ന് പേർ കൊല്ലം ആർ.ടി.ഒ ഓഫീസിലെത്തി നികുതി അടച്ചു. ഒരാൾ 14 ലക്ഷവും മറ്റ് രണ്ട് പേർ 17,20 ലക്ഷം രൂപ വീതവുമാണ് അടച്ചത്.

നികുതി വെട്ടിപ്പ് നടത്തിയവരെ കണ്ടെത്താൻ സംസ്ഥാന തലത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലൂടെ ലഭിച്ചവരുടെ വിവരങ്ങൾ കൊല്ലം ആർ.ടി.ഒയ്ക്ക് കൈമാറുകയായിരുന്നു. പോണ്ടിച്ചേരിയിൽ സ്ഥിരമേൽവിലാസവും കൊല്ലത്ത് താൽക്കാലിക മേൽവിലാസം രേഖപ്പെടുത്തിയിരുന്ന വാഹന ഉടമകൾക്കാണ് നോട്ടീസ് അയച്ചത്.

 നികുതി വെട്ടിച്ചുവെന്ന് സംശയിക്കുന്നവർക്ക് അയച്ച നോട്ടീസിനാപ്പം പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യാനുണ്ടായ കാരണം വിശദീകരിക്കാൻ ആവശ്യപ്പെടുന്ന 22 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലിയുമുണ്ട്. പോണ്ടിച്ചേരിയിൽ വ്യവസായവും കച്ചവടവും നടത്തുന്നവർ ഈ 32 പേരുടെ ലിസ്റ്റിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. അവർ തൃപ്തികരമായ വിശദീകരണം നൽകിയാൽ നടപടികളിൽ നിന്ന് ഒഴിവാക്കും. നോട്ടീസ് ലഭിച്ച വാഹന ഉടമകളിൽ ചിലർ വിശദീകരണം നൽകുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

നോട്ടീസിനോട് പ്രതികരിക്കാത്തവരെകുറിച്ച് അന്വേഷിച്ച ശേഷം ക്രൈംബ്രാഞ്ചിന് വിവരം കൈമാറുമെന്ന് കൊല്ലം ആർ.ടി.ഒ ആർ. തുളസീധരൻപിള്ള പറഞ്ഞു. തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹന നികുതി അടയ്ക്കേണ്ടി വരുന്നത് കേരളത്തിലും കർണാടകയിലുമാണ്. വാഹന വിലയുടെ 20 ശതമാനമാണ് രണ്ട് സംസ്ഥാനങ്ങളിലെയും നികുതി. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതിയിൽ നിന്ന് ഒഴിവാകാനാണ് ആഡംബര വാഹനം വാങ്ങുന്ന പലരും ശ്രമിക്കുന്നത്. 

ഒരു കോടിയും അതിന് മുകളിലും വില വരുന്ന വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നൽകാൻ പ്രത്യേക ഏജന്റുമാരും സജീവമാണ്.

You might also like

  • Straight Forward

Most Viewed