എം.ആർ വാക്‌സിനെതിരെ പ്രചരണം: വിശദീകരണവുമായി ആരോഗ്യവകുപ്പ്

മലപ്പുറം : മാരകരോഗങ്ങളായ മീസിൽസ്(അഞ്ചാംപനി) റുബല്ല രോഗങ്ങളെ നിർമാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യവുമായി ദേശീയ തലത്തിൽ നടപ്പാക്കുന്ന എം.ആർ വാക്‌സിനെതിരെ സോഷ്യൽ മീഡിയ. നേരത്തെ നൽകിയിരുന്ന എം.എം.ആർ(മീസിൽസ്, മംസ്, റുബല്ല) വാക്‌സിൻ തന്നെയാണ് ഇവയെന്നും ഇവയുടെ ഉപയോഗം ദൂരവ്യാപകമായ അസുഖങ്ങൾക്കും വന്ധ്യതാരോഗങ്ങൾക്കുംവരെ കാരണമാകുമെന്ന രീതിയിലുള്ള വോയ്‌സ് മെസ്സേജുകളും ചിത്രങ്ങളും അടക്കമാണ് വാട്‌സ്ആപ്പും ഫേസ്‌ബുക്കും വഴി പ്രചരിക്കുന്നത്.
ഇത് വാക്‌സിനേഷൻ നടത്തിപ്പിനെപ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. എന്നാൽ ഇവ രണ്ടിന്റെ ഉപയോഗ രീതികളിൽ വ്യത്യാസമുണ്ടെന്നും ആരോഗ്യ വകുപ്പിന് കീഴിൽ ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും സംസ്ഥാനത്തെ വാക്‌സിനേഷന്റെ ചുമതല വഹിക്കുന്ന ഫാമിലിവെൽഫെയർ അഡീഷണൽ ഡയറക്ടർ എസ്. ഉഷാകുമാരി പറഞ്ഞു.
നേരത്തെ ഒന്പത് മാസം പ്രായമുള്ളകുട്ടികൾക്ക് മീസ്സിൽസ് വാക്‌സിൻ മാത്രമാണ് നൽകിയിരുന്നത് ഇവർക്ക് നിലവിൽ എം.ആർ വാക്‌സിൻ നൽകും. ഇതിന് പുറമെ നേരത്തെ 15മാസം പ്രായമുള്ള കുട്ടികൾക്ക് സംസ്ഥാനത്ത് എം.എം.ആർ വാക്‌സിനാണ് നൽകിയിരുന്നത്. ഇത് തുടരുകയും ചെയ്യും. രണ്ടുഘട്ടമായി ഇവ നൽകുന്നതിലൂടെ മാത്രമെ പൂർണമായ സംരക്ഷണം ലഭിക്കൂവെന്നും ഇവർ പറഞ്ഞു.
എം.ആർ വാക്‌സിൻ ഇന്ത്യയിൽതന്നെ ഉൽപാദിപ്പിക്കുന്നതും ഗുണ നിലവാരം ഉയർന്നതുമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇതിന്റെ ഉദാഹരമാണ് അന്താരാഷ്‌ട്ര വിപണിയിലേക്ക് രാജ്യത്ത് നിന്നും എം.ആർ വാക്‌സിനുകൾ കൊണ്ടുപോകുന്നതെന്നും വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന എം.ആർ വാക്‌സിനുകളിൽ 70 ശതമാനവും ഇന്ത്യയിൽ ഉൽപാദിപ്പിച്ചതാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ ആദ്യം മുഴുവൻ പി.എച്ച്.സികളിലേയും ഡോക്‌ടർമാരുടെ മക്കൾക്ക് ഈ വാക്‌സിനേഷൻ കൊടുക്കണമെന്ന് മലപ്പുറം ഡി.എം.ഒ സക്കീന നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് മാതൃകയും അനുകരണവും നൽകാനാണ് ഈ നിർദ്ദേശമെന്ന് സക്കീന വ്യക്തമാക്കി.