വികസനം കാത്ത് കനകപ്പുഴ വെള്ളച്ചാട്ടം

രാജാക്കാട് : കനകപ്പുഴ വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ടുള്ള ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്നു നാട്ടുകാർ. രാജാക്കാട്, സേനാപതി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഉൾഗ്രാമ പ്രദേശമായ കനകപ്പുഴയിലെ മനോഹരമായ കഴ കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. പച്ചപ്പു നിറഞ്ഞ ഹൈറേഞ്ചിന്റെ മനോഹാരിതയ്‌ക്കു മാറ്റുകൂട്ടുന്ന പാൽനുര പതയുന്ന വെള്ളച്ചാട്ടങ്ങൾ നിരവധിയാണ്. എന്നാൽ ഇത്തരം വെള്ളച്ചാട്ടങ്ങൾ കേന്ദ്രീകരിച്ചു നടത്താവുന്ന ടൂറിസം വികസന പ്രവർത്തനങ്ങളെക്കുറിച്ച് ത്രിതല പഞ്ചായത്തുകൾ ചിന്തിക്കുന്നില്ല. അതിന് ഉദാഹരണമാണ് പന്നിയാർ പുഴയിലുള്ള കനകപ്പുഴ വെള്ളച്ചാട്ടം. രാജാക്കാട് −മാങ്ങാത്തൊട്ടി റോഡ് തകർന്നു കിടക്കുന്നതിനാൽ നെടുങ്കണ്ടത്തേയ്‌ക്ക് കടന്നുപോകുന്ന വിനോദ സഞ്ചാരികൾ ഭൂരിഭാഗവും പോകുന്നത് എൻ.ആർ. സിറ്റി കനകപ്പുഴ വഴിയാണ്.
വഴിയോരത്ത് ദൃശ്യവിരുന്നൊരുക്കി പതഞ്ഞൊഴുകുന്ന കനകപ്പുഴ വെള്ളച്ചാട്ടം സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മാറുന്നുണ്ട്. എന്നാൽ ഇതു വേണ്ട രീതിയിൽ ആസ്വദിക്കാൻ വേണ്ട സംവിധാനങ്ങൾ ഇല്ലാത്തതിനാൽ അൽപ്പനേരം ചെലവിട്ടശേഷം സഞ്ചാരികൾ മടങ്ങുന്നു. സഞ്ചാരികളുടെ കടന്നുവരവ് വർദ്ധിച്ചതോടെ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാന്‍ നടപടി സ്വീകരിക്കണമെന്നതാണു നാട്ടുകാരുടെ ആവശ്യം. കനകപ്പുഴ കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി ഉണ്ടാവുന്നതോടെ എന്‍.ആർ. സിറ്റി അടക്കമുള്ള പ്രദേശത്തിന്റെ വികസനത്തിനും കാരണമാകും.