പുലിക്കളിക്ക് ധനസഹായം വർദ്ധിപ്പിച്ചു

തൃശ്ശൂർ : പുലിക്കളി, കുമ്മാട്ടിക്കളി ടീമുകൾക്ക് കോർപറേഷൻ നൽകുന്ന ധനസഹായം കൂട്ടി. ഇതനുസരിച്ച് പുലിക്കളിക്ക് ഒന്നര ലക്ഷവും കുമ്മാട്ടിക്കളിക്ക് 20,000 രൂപയും നൽകും. ഒരോ ടീമിനും 25,000 രൂപ വീതമാണ് വർദ്ധിപ്പിച്ച് നൽകുന്നത്. കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷം നൽകിയത് ഒന്നരലക്ഷമാക്കി. കഴിഞ്ഞ വർഷം15,000 രൂപ നൽകിയ കുമ്മാട്ടിക്ക് ഇക്കുറി 5000 രൂപ വർദ്ധിപ്പിച്ചു. 20,000 രൂപയാണ് നൽകുക.
ഡിവിഷൻ തല ഓണാഘോഷത്തിനുള്ള തുകയുംകൂട്ടി. അതനുസരിച്ച് 25,000 രൂപ നൽകും. ഓണത്തിന് മുന്പ് നഗരപരിധിയിലെ മുഴുവൻ മാലിന്യങ്ങളും നീക്കും. മാലിന്യനീക്കം നിലച്ചതായി പ്രതിപക്ഷം കൗൺസിലിൽ കുറ്റപ്പെടുത്തിയിരുന്നു. മുന്പ് കൊണ്ടുവന്ന പദ്ധതികൾ അട്ടിമറിച്ചതായി പ്രതിപക്ഷനേതാവ് എം.കെ മുകുന്ദൻ പറഞ്ഞു.