ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുകളിൽ മരം വീണ് ഗതാഗതം മുടങ്ങി

കോട്ടയം : ഓടിക്കൊണ്ടിരുന്ന കെ.കെ എക്‌സ്പ്രസിന്റെ എൻജിന്റെ മുകളിൽ പുളിമരം വീണു. തീവണ്ടിയിലേക്കുള്ള വൈദ്യുതിബന്ധം ഭാഗികമായി നിലച്ചു. സംഭവത്തെ തുടർന്ന് വണ്ടി അടുത്ത സ്റ്റേഷനിൽ നിർത്തിയിട്ടു. ഇതേത്തുടർന്ന്, കായംകുളം - എറണാകുളം റെയിൽപ്പാതയിൽ രണ്ടുമണിക്കൂറോളം ഗതാഗതം മുടങ്ങി. എൻജിനിലേക്ക് വൈദ്യുതിയെത്തിക്കുന്ന പാന്റോഗ്രാഫ്, മരത്തിന്റെ ചില്ലകൾ തട്ടി തകർന്നു. ലോക്കോ പൈലറ്റ് സമയോചിതമായി ഇടപെട്ട് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പൂവന്തുരുത്തിന് സമീപമാണ് സംഭവം.
കോട്ടയത്തുനിന്ന് ചിങ്ങവനം ഭാഗത്തേക്ക് കെ.കെ എക്‌സ്പ്രസ് വരുന്പോൾ പൂവന്തുരുത്ത് ഓവർബ്രിഡ്ജിന് സമീപം മരം കടപുഴകി വീഴുകയായിരുന്നു. ചിങ്ങവനം സ്റ്റേഷന് ഒരുകിലോമീറ്റർ അകലെയാണ് അപകടമെന്ന് സ്റ്റേഷൻ മാസ്റ്റർ അഭിലാഷ് അപ്പുക്കുട്ടൻ പറഞ്ഞു. തുടർന്ന് രണ്ടുമണിയോടെയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.