ബി നിലവറ തുറക്കണമെന്ന് മന്ത്രിയും വി.എസ്സും

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനും വി.എസ് അച്യുതാനന്ദനും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മറ്റ് നിലവറകൾ തുറക്കാമെങ്കിൽ എന്തുകൊണ്ട് ബി നിലവറ തുറന്നു കൂടെന്ന് കടകംപളളി സുരേന്ദ്രൻ ചോദിച്ചു. തുറക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. സുപ്രീംകോടതിയുടെ തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമമാകുന്നത്. അതുവരെ സ്വന്തം അഭിപ്രായം ആർക്കും പറയാം. മോശം കാര്യം രാജകുടുംബം ചെയ്യുമെന്ന് താൻ കരുതുന്നില്ല. ആചാര അനുഷ്ഠാനങ്ങളുടെ പേരിലാണ് നിലവറ തുറക്കുന്നത് രാജകുടുംബം എതിർക്കുന്നത്. അതു സംബന്ധിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും കടകംപള്ളി പറഞ്ഞു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവർ ആരായാലും അവരെ സംശയിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ പറഞ്ഞു. ദേവഹിതം നേരിട്ട് ചോദിച്ച് മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങൾ പ്രതികരിക്കുന്നത്. എന്നാൽ, ഇതിന് മുന്പ് ബി നിലവറ തുറന്നപ്പോൾ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അപ്പോൾ പ്രശ്നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബി നിലവറ തുറക്കണമെന്നും ആരുടേയും വികാരം അത് വൃണപ്പെടുത്തില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നിലവറ തുറന്നില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ദുരൂഹത ഏറുകയാണ് ചെയ്യുക. ബി നിലവറയിലെ വസ്തുക്കളുടെ കൃത്യമായ കണക്കെടുക്കണമെന്നും ക്ഷേത്രത്തിന്റെ മൂല്യനിർണയം സുതാര്യമായി നടക്കാൻ ഇത് അത്യാവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. നിലവറ തുറക്കുന്നതിന് വിയോജിപ്പുമായി തിരുവിതാംകൂർ രാജകുടുംബം രംഗത്തെത്തിയിരുന്നു. ഇതുവരെ തുറക്കാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്ന വാദമുയർത്തിയായിരുന്നു രാജകുടുംബം എതിർത്തത്.