തിരുവനന്തപുരത്ത് പനിക്ക് ശമനമില്ല; ഇന്നലെ 88 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുടുന്നു. ഇന്നലെ പനിബാധിച്ച് വിവിധയിടങ്ങളിൽ ചികിത്സതേടിയവരിൽ 88 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 77 പേർക്ക് ഡെങ്കിപ്പനിയുള്ളതായും സംശയിക്കുന്നുമുണ്ട്. ജില്ലയിൽ 2318 പേരാണ് ഇന്നലെ പനി ബാധിച്ച് ചികിത്സതേടിയത്. ഇതു കൂടാതെ നാല് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എട്ടുപേർക്ക് എലിപ്പനിയുള്ളതായി സംശയിക്കുന്നു.
ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധയുണ്ടായിരിക്കുന്ന മുക്കോല, മുട്ടത്തറ, എൻ.സി.സി. റോഡ്, പാപ്പനംകോട്, പാറ്റൂർ, പട്ടം, പേരൂർക്കട, പൂജപ്പുര, പൂന്തുറ എന്നിവിടങ്ങളിൽ നാലുവീതവും പുല്ലുകാട്, ശ്രീകണ്‌ഠേശ്വരം, തിരുമല, വലിയതുറ, വള്ളക്കടവ് ആറ് വീതവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്പലത്തറ, ബീമാപള്ളി, കമലേശ്വരം, കരമന, കരുമം, കിള്ളിപ്പാലം, കവടിയാർ, മണക്കാട്, പൂന്തുറ, തിരുവല്ലം, നേമം എന്നിവിടങ്ങളിൽ രണ്ടുവീതം പേരുമാണ് വിവിധ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ചെത്തിയത്.
വട്ടിയൂർക്കാവ്, വേട്ടമുക്ക് എന്നിവിടങ്ങളിൽ മൂന്ന് വീതം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആമച്ചൽ, അരുവിക്കര, ആറ്റിങ്ങൽ, ബാലരാമപുരം, ചെട്ടിവിളാകം എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടവ, കല്ലിയൂർ, കരകുളം, കോട്ടുകാൽ, കുന്നത്തുകാൽ, മലയിന്‍കീഴ് എന്നിവിടങ്ങളിൽ മൂന്ന് വീതം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത് നഗരപരിധിയിലാണ്. മണന്പൂർ, മംഗലപുരം, കിഴുവിലം, മുക്കോല, പള്ളിച്ചൽ, പാങ്ങപ്പാറ, പാറശ്ശാല, തോന്നയ്ക്കൽ, വർക്കല, വിളവൂർക്കൽ എന്നിവിടങ്ങളിൽ നിന്നും ഡെങ്കിപ്പനിക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെന്പായം മേഖലയിൽ നിന്ന് അഞ്ച് ഡെങ്കിപ്പനിക്കേസുകളാണ്ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.