ജിഷ്ണുവിന്റെ മരണം: സര്‍ക്കാര്‍ സാദ്ധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പ്

തിരുവനന്തപുരം: പാമ്ബാടി നെഹ്രുകോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുപ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഇന്ന് വൈകിട്ടാണ് ജിഷ്ണുവിന്റെ പിതാവ് അശോകനും മാതാവു മഹിജയും ബന്ധുക്കളും സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി നിവേദനം നല്‍കിയത്.
മുഖ്യമന്ത്രിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ സമീപനമാണ് ഉണ്ടായതെന്നും അവര്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു. സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി അവരെ അറിയിച്ചു. നെഹ്രുകോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
അമ്മാവന്മാരായ ശ്രീജിത്ത്, മഹേഷ്, മഹിജയുടെ ബന്ധു വി.പി.ശോഭ എന്നിവരും ഒപ്പമുണ്ടായിരുന്നു. അഞ്ച് ആവശ്യങ്ങളുള്‍ക്കൊള്ളുന്ന നിവേദനവും അവര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
ആദ്യ ഘട്ടഅന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുക, ജാമ്യാപേക്ഷ പരിഗണിച്ച സമയത്ത് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വീഴ്ചവരുത്തിയോ എന്നു പരിശോധിക്കുക, ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുക, കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ജയിലിലടയ്ക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.