അഴിമതിക്കാർ എങ്ങനെ സർവീസിൽ തുടരുന്നെന്ന് കോടതി

തിരുവനന്തപുരം : കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് ഇപ്പോഴും സര്‍വീസിൽ തുടരുന്നതെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഫയലുകള്‍ പൂഴ്ത്തുന്നു എന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അഴിമതി കേസ് പരാമര്‍ശിച്ചായിരുന്നു കോടതി വിമര്‍ശനം. അഴിമതി കേസില്‍ ടോം ജോസിനെതിരെ നടപടി വേണ്ട എന്ന് ചീഫ് സെക്രട്ടറി എങ്ങനെ തീരുമാനിച്ചു എന്നും കോടതി ചോദിച്ചു.
ടോം ജേസ് അഴിമതി നടത്തിയതായി കണ്ടെത്തിയെന്നും, രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ടോം ജോസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 10 ഓളം കത്തുകള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നായിരുന്നു ചീഫ് സെക്രട്ടറിയ്‌ക്കെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്.
തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ആറിലേയ്ക്ക് കോടതി മാറ്റിവെച്ചു.