ലൈസന്‍സ് ഉള്ള തട്ടുകടകള്‍ വിരലിലെണ്ണാവുന്നതു മാത്രം

കൊച്ചി : കേരളത്തിലെ തട്ടുകടകളുടെ എണ്ണത്തിലും വരുമാനത്തിലും വന്‍വര്‍ധനയുണ്ടെങ്കിലും നികുതി ഈടാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നിയമപ്രകാരം ലൈസന്‍സുള്ളത് 12 ശതമാനത്തില്‍ താഴെമാത്രം തട്ടുകടകള്‍ക്കാണ് എന്ന് ഞെട്ടിക്കുന്ന വിവരം. അതുകൊണ്ട് തന്നെ ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ സജീവമാക്കും.ലൈസന്‍സോടെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ കോട്ടയം ജില്ലയിലാണ് കൂടുതലുള്ളത്, എന്നാൽ ഇതും 21.91 ശതമാനം മാത്രമാണ്. സാമ്പത്തികസ്ഥിതിവിവരകണക്ക് വകുപ്പാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.തട്ടുകടകളുടെ ആകെ പ്രതിമാസലാഭം 19 ലക്ഷത്തോളം രൂപയാണെന്നും സര്‍വേറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ തട്ടുകടകളാണ് ഇക്കാര്യത്തില്‍ ആദ്യസ്ഥാനത്ത്. പത്തുവര്‍ഷത്തിനുള്ളില്‍ 7,951 തട്ടുകടകൾ പുതിയതായി പ്രവർത്തനം ആരംഭിച്ചുവെന്നും പറയുന്നുണ്ട്.54 കോടിയോളമാണ് ഇവിടങ്ങളിലെ പ്രതിമാസവരുമാനമെന്നാണു കണക്കാക്കിയിട്ടുള്ളത്.
ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാത്തവയും തദ്ദേശസ്ഥാപനങ്ങളെ സമീപിച്ച് ലൈസന്‍സ് പുതുക്കാത്തവയുമാണ് കേരളത്തില്‍ പകുതിയിലേറെയും. സംസ്ഥാനത്ത് 11,033 തട്ടുകടയാണുള്ളത്. കൊല്ലം ജില്ലയിലാണ് കൂടുതല്‍. ഇവിടെ തട്ടുകടകളുടെ എണ്ണം 1,553. തട്ടുകടയുടമകളില്‍ ഇതരസംസ്ഥാനക്കാരുമുണ്ട്. ഇവരുടെ എണ്ണം 382. പത്തനംതിട്ട ജില്ലയിലാണ് ഇതിലേറെയും. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ 755. തമിഴ്‌നാട്ടുകാര്‍ കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശുകാരാണ് കൂടുതൽ തട്ടുകടകൾ നടത്തുന്നത്.കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ കടകളുള്ളത് തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് 645 എണ്ണം. നഗരസഭാ പ്രദേശങ്ങളില്‍ പാലക്കാട്ടാണ് കൂടുതല്‍. 218 എണ്ണം. ഇരുപതിനായിരത്തോളം തൊഴിലാളികളാണ് സംസ്ഥാനത്തെ തട്ടുകടകളിലുള്ളത്.