ഭിക്ഷക്കാരിയുടെ ചാക്കില്‍ നിന്നു കണ്ടെത്തിയത് ലക്ഷങ്ങൾ


തൃശൂര്‍: വാടാനപ്പള്ളിയിലെ കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന മാനസികാസ്വാസ്ഥ്യമുള്ള ഭിക്ഷക്കാരിയുടെ ചാക്കില്‍ നിന്നു കണ്ടെത്തിയതു ലക്ഷക്കണക്കിന് രൂപ. ഇവരുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. കണ്ടെത്തിയ തുകയും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൂക്ഷിക്കും.
25 വര്‍ഷത്തോളമായി വാടാനപ്പള്ളി ജംക്ഷനില്‍ തെരുവില്‍ കഴിയുന്നയാളാണു ദീദി. കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന ഇവര്‍ വഴിയോരത്തു തന്നെ ഭക്ഷണം പാകം ചെയ്തു കഴിച്ചിരുന്നു. പൊതു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൈവശമുള്ള വസ്തുക്കള്‍ പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയത്.
ഇതില്‍ 25 പൈസ മുതല്‍ നൂറു രൂപ വരെയുള്ള നാണയങ്ങളും കറന്‍സി നോട്ടുകളും 200 ദിര്‍ഹവും ഉണ്ടായിരുന്നു. ഭിക്ഷാടനം നടത്തിയുണ്ടാക്കിയതാണ് ഈ പണമെന്നാണ് വിലയിരുത്തല്‍.
നൂറിന്റെ 167 നോട്ടുകളും അന്‍പതിന്റെ 81 നോട്ടുകളും ഇരുപതിന്റെ 600 നോട്ടുകളും പത്തിന്റെ 5609 നോട്ടുകളും അഞ്ചിന്റെ 154 നോട്ടുകളും പത്ത് രൂപയുടെ 14 നാണയങ്ങളും അഞ്ചു രൂപയുടെ 2612 നാണയങ്ങളും രണ്ടു രൂപയുടെ 1542 നാണയങ്ങളും ഒരു രൂപയുടെ 1976 നാണയങ്ങളും 50 പൈസയുടെ 426 നാണയങ്ങളും പഴകിയതും കീറിയതുമായ നോട്ടുകളുമടക്കം ഒരു ലക്ഷത്തി പതിനൊന്നായിരത്തി എഴുനൂറ്റി മുപ്പത്തി മൂന്ന് രൂപയാണ് (1,11,733) ഉണ്ടായിരുന്നു. ഇത് ഭിക്ഷാടനപണത്തിന്റെ സൂചനയാണ് നല്‍കുന്നത്.
പണം പൊലീസിന്റെയും പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം പൊലീസിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ഉത്തരവാദിത്തത്തില്‍ സൂക്ഷിക്കും. ദീദി എന്നു വിളിക്കുന്ന ഇവരെ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Post