ബിജു രാധാകൃഷ്ണന് വഴിവിട്ട സഹായമൊരുക്കി കേരള പൊലീസ്

കൊച്ചി∙ സോളര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ ഫോണ്‍ ചെയ്യാനും പുറത്തുനിന്നുള്ളവരുമായി കൂടിക്കാഴ്ച നടത്താനും പ്രത്യേക സൗകര്യമെന്ന് റിപ്പോർട്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബിജുവിനെ കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ കോടതിയില്‍ എത്തിച്ചപ്പോളാണ് പ്രതിക്കു ഫോണ്‍ ചെയ്യാന്‍ പോലീസ് അവസരമൊരുക്കി കൊടുത്തത്. ബിജുവിന് ഫോൺ ചെയ്യാൻ അവസരം നൽകിയ ശേഷം പൊലീസുകാർ മാറി നിൽക്കുന്ന കാഴ്ചയാണ് കോടതി വളപ്പിൽ കാണാനായത്.
തടവില്‍നിന്നു ചാടിപ്പോകാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ള പ്രതിയാണ് ബിജു. ഫോണിലെ സംസാരത്തിനു പുറമെ ഇടയ്ക്കു പുറത്തുനിന്നുള്ളവരുമായി ചില കൂടിക്കാഴ്ചകളും ബിജു നടത്തി. അതേസമയം ഫോണ്‍ വിളിച്ചു നടന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പ് കമ്പിയില്‍ കൊണ്ട് ബിജുവിന്റെ കാൽ മുറിഞ്ഞു പരിഭ്രമിച്ചുപോയ പൊലീസുകാര്‍ ബിജുവിനെ തിടുക്കത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.