എംപിയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കോഴിക്കോട് കളക്ടർ

കോഴിക്കോട് : എംപി എം.കെ. രാഘവനെ താൻ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കോഴിക്കോട് കളക്ടർ എൻ.പ്രശാന്ത്. തന്റെ ഭാഗത്ത് നിന്നുണ്ടായതിനെല്ലാം നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
മറ്റേതൊരു പൗരനേയും പോലെ പല കാര്യങ്ങളും പങ്കു വയ്ക്കുന്നതും, സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുന്നതുമായ ഇടമാണ് തന്റെ സ്വകാര്യ ഫേസ്ബുക്ക് പേജ്. ബഹു. എം.പി.യെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതിനു താണ ആളല്ലെന്നും കളക്ടർ പറഞ്ഞു. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള ബഹു. എം. പി.യോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല. അദ്ദേഹവുമായി ഉണ്ടായിരുന്ന വഷളായതിൽ ഖേദമുണ്ട്. വ്യക്‌തിപരമായ പ്രശ്നം വ്യക്‌തിപരമായി തന്നെ പറഞ്ഞ് തീർക്കണമെന്നുണ്ട്. എം.പിയ്ക്ക് തന്നോട് തോന്നിയ ദേഷ്യം താൻ തന്നെ ഉണ്ടാക്കിയതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇരുവരും തമ്മിലുണ്ടായ ചില തർക്കങ്ങളെ തുടർന്ന് കളക്ടർ മാപ്പു പറയണമെന്ന് എംപി മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണം ഫേസ്ബുക്കിൽ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു കളക്ടർ.