വോട്ടുകള്‍ നോട്ടയ്ക്ക് നല്കൂ: വനിതാ ആക്റ്റിവിസ്റ്റുകള്‍


 

കോഴിക്കോട്: ഒന്നാം നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം വെറും 127ല്‍ ആറു പേര്‍. അതായത് 4.7 ശതമാനം. നിയമസഭ ആറു പതിറ്റാണ്ടു പിന്നിടുമ്പോള്‍ പ്രാതിനിധ്യം 140ല്‍ ഏഴു പേര്‍. അതായത് കേവലം അഞ്ചു ശതമാനം. കാലം മാറിയെങ്കിലും ജനങ്ങളുടെ മനോഭാവത്തില്‍ വലിയ മാറ്റങ്ങളുണ്ടായില്ലെന്നു ചുരുക്കം. ഈ സാഹചര്യത്തില്‍ വോട്ടുകള്‍ നോട്ടയ്ക്കു ചെയ്യല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്കു രൂപം നല്‍കുകയാണ് ചില വനിതാ ആക്റ്റിവിസ്റ്റുകള്‍. ഇത്തവണത്തെ സ്ഥാനാര്‍ഥികളുടെ പട്ടിക ഏതാണ്ട് പൂര്‍ത്തിയായി. പഴയ കണക്കുകളില്‍നിന്ന് വലിയ വ്യത്യാസമൊന്നും ഇപ്പോഴുമില്ല. കിട്ടിയ സീറ്റുകള്‍ പലതും ജയിക്കുമെന്ന് ഉറപ്പുപോലും ഇല്ലാത്തവയാണ്. സംസ്ഥാനത്ത് പകുതിയിലേറെ വോട്ടര്‍മാരും സ്ത്രീകളായിരിക്കെയാണ് പാര്‍ട്ടികളുടെ ഈ അവഗണന.

1957 മുതല്‍ ഇതുവരെയുള്ള നിയമസഭാ ചരിത്രത്തില്‍ സ്ത്രീപ്രാതിനിധ്യം സതമാനക്കണക്കില്‍ രണ്ടക്കം കടന്നത് എപ്പോഴൊക്കെയാണെന്നാണ് ിവരുടെ ചോദ്യം. ഒന്നിലധികം സ്ത്രീകള്‍ മന്ത്രിസഭയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഒട്ടും സ്ത്രീ പ്രാതിനിധ്യം ഇല്ലാത്ത രണ്ടു മന്ത്രിസഭകളും കടന്നുപോയി. ലോക്‌സഭയിലേയ്ക്കാണെങ്കില്‍ ഇത്രയും കാലത്തിനിടയില്‍ ആകെയുണ്ടായത് എട്ടു സ്ത്രീകള്‍ മാത്രം. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സ്ത്രീയെ പരിഗണിക്കാന്‍ ഒരു പാര്‍ട്ടിയും ഇതുവരെ തയ്യാറായില്ല. മത്സരിക്കാന്‍ സ്ത്രീകള്‍ തയ്യാറാല്ലാത്തതുകൊണ്ടോ അനുഭവ പാരമ്പര്യവും കാര്യപ്രാപ്തിയും ഇല്ലാത്തതുകൊണ്ടോ അല്ല ഈ സമീപനം. മറിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പുരുഷന്‍മാര്‍ സ്ത്രീപുരുഷ സമത്വവും ലിംഗനീതിയും അംഗീകരിക്കാത്തതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍ ഇത്തവണ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊന്നും വോട്ടുചെയ്യരുതെന്ന നിര്‍ദേശം സ്ത്രീവോട്ടര്‍മാരോടായി മുന്നോട്ടുവയ്ക്കുകയാണെന്ന് ആക്റ്റിവിസ്റ്റുകളായ ഗീത, ഡോ ജാന്‍സി ജോസ്, എം സുല്‍ഫത്ത് തുടങ്ങിയവര്‍ പറഞ്ഞു. ആണ്‍-പെണ്‍-ലൈംഗിക ന്യൂനപക്ഷ ഭേദമില്ലാതെ നീതിബോധവും സമത്വബോധവുമുള്ള ജനാധിപത്യവിശ്വാസികളായ മുഴുവന്‍ പേരുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും അവര്‍ അഭ്യര്‍ഥിച്ചു.

You might also like

Most Viewed