കുറ്റവിമുക്തനാകുമോ? കാത്തിരിക്കാം മാര്‍ച്ച്‌ 5നായി



ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി എസ്പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് മാര്‍ച്ച്‌ 5ലേക്ക് മാറ്റി.കേസില്‍ പ്രതിപക്ഷ നേതാവ് വി.എസിന്റേതുള്‍പ്പെടെ നാല് എതിര്‍സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കെ.എം മാണി രണ്ട് തവണയായി 25 ലക്ഷം രൂപ കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന മുന്‍ നിലപാട് തള്ളിക്കളഞ്ഞാണ് എസ്.പി ആര്‍ സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബാറുടമകളുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ വിശദമായി പരിശോധിച്ചപ്പോള്‍ ബിജു രമേശ് ഉന്നയിച്ചത് വെറും ആരോപണം മാത്രമാണന്ന് തെളിഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്.
മാണിക്ക് ക്ലീന്‍ചീറ്റ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ കേസിലെ ഏക ദൃക്സാക്ഷിയായ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്ബിളിയുടെ മൊഴി കളവാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ മാസം റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഹരജിക്കാരുടെ അഭിഭാഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന വാദമായിരിക്കും വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള ഹരജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിക്കുക. വസ്തുതാവിവര റിപ്പോര്‍ട്ടിന് വിരുദ്ധമായി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിടയായ സാഹചര്യം വിജിലന്‍സിന് വിശദീകരിക്കേണ്ടി വരും.ബാര്‍ക്കോഴക്കേസ് അന്വേഷിച്ചതിന്റെ പേരില്‍ ആര്‍ സുകേശനെതിരെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ചുള്ള വിശദാശങ്ങള്‍ കോടതി ആരായാനും സാധ്യതകളുണ്ട്. വിജിലന്‍സ് കോടതി തീരുമാനം കെ.എം മാണിക്കും സംസ്ഥാന സര്‍ക്കാരിനും നിര്‍ണ്ണായകമാണ്.

 

You might also like

Most Viewed