അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ പ്രതിവര്‍ഷം 2400 പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഇ. ശ്രീധരന്‍


കൊച്ചി: പിണറായി വിജയന്‍ പറഞ്ഞ അതിവേഗ റെയില്‍പാതയെ പിന്തുണച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ പ്രതിവര്‍ഷം 2400 പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. ഹൈസ്പീഡ് റെയില്‍ എത്രകാലം നീട്ടിക്കൊണ്ടുപോകും എന്ന തലക്കെട്ടില്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീധരന്‍ ഇക്കാര്യം പറഞ്ഞത്.

ഓരോ വര്‍ഷവും ആയിരത്തില്‍ അധികം പുതിയ വാഹനങ്ങള്‍ രജിസ്്റ്റര്‍ ചെയ്യപ്പെടുന്ന കേരളത്തില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും ആലോചിക്കാവുന്നതേയുള്ളുവെന്ന് ശ്രീധരന്‍ പറയുന്നു. റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന്റെ നവയുഗം അവതരിപ്പിച്ച് കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ് തന്റെ അഭിപ്രായം.

സംസ്ഥാന സര്‍ക്കാര്‍ 15,000 കോടിയും കേന്ദ്രസര്‍ക്കാര്‍ 7500 കോടിയും മുടക്കാന്‍ തയാറായാല്‍ അതിവേഗ റയില്‍പ്പാത നിര്‍മിക്കാനാകും. മുംബൈ- അഹമ്മദാബാദ് അതിവേഗ പാതയ്ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ജപ്പാനുമായി ഒപ്പിട്ട കരാറിനു സമാനമായി കേരളത്തിനും കരാര്‍ ഒപ്പിടാം. ചെലവിന്റെ 85 ശതമാനവും 0.3% പലിശനിരക്കില്‍ വായ്പയായി ലഭിക്കും. വായ്പയ്ക്കു 10 വര്‍ഷത്തെ മൊറട്ടോറിയവും 30 വര്‍ഷത്തെ തിരിച്ചടവു കാലാവധിയും ലഭിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ പാതയും പിന്നീടു കാസര്‍കോട്ടേക്കും മംഗലാപുരത്തേക്കും നീട്ടാവുന്ന പാതയുമാണു ഡിഎംആര്‍സി നിര്‍ദേശിക്കുന്നത്. ഇതില്‍ 190 കിലോമീറ്റര്‍ തൂണുകള്‍ക്കു മുകളിലും 146 കിലോമീറ്റര്‍ ഭൂമിക്കടിയിലുമായിരിക്കും.

കേരളത്തിലെ റോഡപകട മരണങ്ങളില്‍ 30% കുറയ്ക്കാന്‍ അതിവേഗ റയില്‍പ്പാതയിലൂടെ സാധിക്കും. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ തയാറാക്കുന്ന പദ്ധതിയുടെ വിശദ രൂപരേഖ ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. 20 മീറ്റര്‍ വീതിയില്‍ മാത്രമേ സ്ഥലമേറ്റെടുപ്പ് വേണ്ടിവരൂ. 600 ഹെക്ടര്‍ ഭൂമി മാത്രമേ കേരളത്തില്‍ ആകെ ഏറ്റെടുക്കേണ്ടിവരൂ. ഇതില്‍ 150 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. 3868 കുടുംബങ്ങളെ മാത്രം മാറ്റിപ്പാര്‍പ്പിച്ചാല്‍ മതി.

തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്കു രണ്ടു മണിക്കൂര്‍കൊണ്ട് എത്താം. തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് 53 മിനിറ്റും കോഴിക്കോട്ടേക്കു 98 മിനിറ്റുമായിരിക്കും യാത്രാസമയം. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒരു ലക്ഷം യാത്രക്കാര്‍ക്കു പദ്ധതി പ്രയോജനപ്പെടും. അതിവേഗ റെയില്‍പ്പാത പദ്ധതി കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വന്‍ കുതിച്ചുചാട്ടത്തിനിടയാക്കുമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു.

You might also like

  • Straight Forward

Most Viewed