7കുഞ്ഞുങ്ങളെ അരുംകൊല ചെയ്ത നഴ്സ് ലൂസി ലെറ്റ്ബിക്ക് ജീവിതാന്ത്യം വരെ ജയിൽശിക്ഷ

ഏഴ് നവജാത ശിശുക്കളെ അതിക്രൂരമായി കൊന്ന നഴ്സ് ലൂസി ലെറ്റ്ബിക്ക് ജീവിതാവസാനം വരെ ജയിൽശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. അതിക്രൂരവും കരുതിക്കൂട്ടിയുമുള്ള പാതകമാണ്. അതിനാൽ ലൂസി ദയ അർഹക്കുന്നില്ലെന്ന് ശിക്ഷ വിധിച്ച് മാഞ്ചസ്റ്റർ ക്രൗൺ കോടതി ജഡ്ജി പറഞ്ഞു. ശിക്ഷാവിധി കേൾക്കാൻ ലൂസിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. കോടതിയിൽ എത്താൻ അവർ വിസമ്മതിക്കുകയായിരുന്നു. കുറ്റവാളികളെ ശിക്ഷാവിധി കേൾക്കാൻ നിർബന്ധമായും ഹാജരാക്കാൻ, നിയമം ഭേദഗതി ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ദ കൗണ്ടസ് ഒഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നഴ്സായിരുന്നു 33കാരിയായ ലൂസി. 2015 ജൂണിനും 2016 ജൂണിനും ഇടയ്ക്കാണ് ലൂസി പിഞ്ചുക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നത്. ആറ് കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമിച്ചെന്ന് കണ്ടെത്തി. രോഗം ബാധിച്ചതോ പൂർണവളർച്ചയെത്തും മുമ്പ് ജനിച്ചതോ ആയ കുഞ്ഞുങ്ങളെ അമിതമായി പാലു കുടിപ്പിച്ചും, സിരകളിലും വയറ്റിലും വായുവും ഇൻസുലിനും കുത്തിവച്ചുമാണ് ലൂസി കൊന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 മുതൽ രണ്ട് തവണ അറസ്റ്റിലായെങ്കിലും ലൂസി മോചിതയായി. ഒടുവിൽ 2020ലെ മൂന്നാം അറസ്റ്റിൽ ലൂസിക്കെതിരെ കുറ്റംചുമത്തി കസ്റ്റഡിയിലെടുത്തു. എന്നാൽ ആദ്യം കുറ്റം സമ്മതിച്ചില്ല. ഓരോ കൊലയ്ക്ക് ശേഷവും അതിനെപ്പറ്റി വിവരിക്കുന്ന കുറിപ്പുകൾ പൊലീസ് അവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. അതിലെ കൈയക്ഷരം ലൂസിയുടേതെന്ന് തെളഞ്ഞു.
asddsadsads