ഇറ്റലിയിൽ പ്രതിസന്ധി; പ്രധാനമന്ത്രിയുടെ രാജി തള്ളി പ്രസിഡന്റ്


വിശാല ഐക്യ സർക്കാരിലെ പ്രമുഖ പാർട്ടിയായ ഫൈവ് സ്റ്റാർ മൂവ്മെന്‍റ്, വിലക്കയറ്റം നേരിടാനുള്ള ഉത്തേജന പദ്ധതിയിൽ പാർലമെന്‍റിൽ നടന്ന വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെത്തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജി സമർപ്പിച്ചു.

എന്നാൽ പ്രസിഡന്‍റ് സെർജിയോ മത്താറെല്ല രാജി സ്വീകരിച്ചില്ല. പാർലമെന്‍റിൽ ഭൂരിപക്ഷം നേടാനുള്ള ശ്രമങ്ങൾ നടത്താൻ പ്രസിഡന്‍റ് പ്രധാനമന്ത്രിയോടു നിർദേശിച്ചു. പ്രധാനമന്ത്രി ബുധനാഴ്ച പാർലമെന്‍റിനെ അഭിസംബോധന ചെയ്തേക്കും. കോവിഡ് മഹാവ്യാധി സൃഷ്ടിച്ച ആഘാതങ്ങളിൽനിന്നു രാജ്യത്തെ രക്ഷിക്കാനായി 2021 ഫെബ്രുവരിയിലാണ് ദ്രാഗിയുടെ നേതൃത്വത്തിൽ ഇടത്, മധ്യ, വലതു പക്ഷ പാർട്ടികളുടെ വിശാല സർക്കാർ രൂപീകരിച്ചത്.

 എന്നാൽ 2,600 കോടി യൂറോയുടെ ഉത്തേജന പദ്ധതിയിന്മേൽ സെനറ്റിൽ നടന്ന വോട്ടെടുപ്പിൽനിന്ന് രണ്ടാമത്തെ വലിയ കക്ഷിയായ ഫൈവ്‌സ്റ്റാർ മൂവ്മെന്‍റ് വിട്ടുനിന്നതോടെ സർക്കാരിന്‍റെ ലക്ഷ്യങ്ങൾ പരാജയപ്പെട്ടു എന്നു പറഞ്ഞ് ദ്രാഗി രാജിക്കു തയാറാവുകയായിരുന്നു. അതേസമയം സെനറ്റിൽ 39നെതിരേ 172 വോട്ടുകൾക്ക് ഉത്തേജന ബിൽ പാസായി.

You might also like

Most Viewed