യുഎസ് പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

യുഎസിലെ പണപ്പെരുപ്പം നാൽപത് വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. പണപ്പെരുപ്പ നിരക്ക് 7.9 ശതമാനം ഉയർന്നെന്നാണ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിറ്റിക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. 1982ന് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്ക് ഈ നിലയിൽ ഉയരുന്നത്. വിതരണ ശ്രംഖലയിലെ തടസങ്ങൾ ഗതാഗത ചെലവ് വർധിപ്പിച്ചതിനൊപ്പം റഷ്യ− യുക്രൈൻ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിച്ച പ്രതിസന്ധിയും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
ജനുവരിയിൽ 7.5 ശതമായിരുന്ന വിലക്കയറ്റ നിരക്ക് 7.9 ശതമാനത്തേക്ക് അതിവേഗം കുതിച്ചുയരുകയായിരുന്നു. പണപ്പെരുപ്പ നിരക്ക് ഉയരുന്നത് വരുന്ന 12 മാസങ്ങളിൽ സമ്പദ് വ്യവസ്ഥയിൽ സമ്മർദം സൃഷ്ടിക്കുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. വിതരണ ശ്രംഖലയിലെ തടസങ്ങൾ അടിയന്തരമായി പരിഗണിക്കപ്പെടേണ്ട വിഷയമാണെന്നും ട്രഷറി സെക്രട്ടറി ജാനറ്റ് യെലൻ വ്യക്തമാക്കി.
യുഎസ് വിലയക്കയറ്റത്തിന് ഉത്തരവാദി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനാണെന്നായിരുന്നു മുന്‍പ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നത്. യുക്രൈൻ അതിർത്തിയിൽ റഷ്യ സൈന്യത്തെ വിന്യസിച്ചതുമുതൽ ഗ്യാസോലിന്‍ വില വർധിച്ചുതുടങ്ങിയെന്ന് ബൈഡൻ കുറ്റപ്പെടുത്തിയിരുന്നു.
ഡെമോക്രാറ്റുകൾ കഴിഞ്ഞ വർഷം 1.9 ട്രില്യൺ ഡോളർ ഇന്ധനത്തിനായി ചെലവാക്കിയത് സ്ഥിതിഗതികൾ വഷളാക്കിയതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ തങ്ങൾ പരമാവധി ശ്രമിച്ചിരുന്നുവെന്നും വ്‌ലാദിമിർ പുടിന്റെ അധിനിവേശ നീക്കങ്ങളാണ് ലോകത്തെയാകെ ബാധിച്ചതുമെന്നാണ് ബൈഡൻ മറുപടി പറഞ്ഞത്.