ന്യൂസിലന്‍ഡ് പര്യടനത്തിനെത്തി ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന ആറ് പാക് താരങ്ങള്‍ക്ക് കൊറോണ

വെല്ലിംഗടണ്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങള്‍ക്ക് കൊറോണ. ന്യൂസിലന്‍ഡ് പര്യടനത്തിനായി എത്തിയ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ന്യൂസിലന്‍ഡിലെത്തിയ ആദ്യ ദിനം തന്നെ പാക് ടീം ക്വാറന്റൈന്‍ ലംഘിച്ചെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അറിയിച്ചു. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും പാക് ടീമിലെ ചില താരങ്ങള്‍ ഇവയെല്ലാം ലംഘിച്ചെന്നും ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രാലയവും പാക് ടീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, പാകിസ്താന്‍ ടീമിന് അന്ത്യശാസനം നല്‍കിയതായി ന്യൂസിലന്‍ഡ് ടീമിന്റെ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താരങ്ങള്‍ സ്വന്തം മുറി വിട്ട് പുറത്തിറങ്ങരുതെന്നാണ് പാക് ടീമിന് ലഭിച്ച നിര്‍ദ്ദേശം. മൂന്ന് ട്വന്റി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ഡിസംബര്‍ 18ന് നടക്കുന്ന ആദ്യ ട്വന്റി20 മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുക.