ബി.സി.ജി.വാക്‌സിന്‍ കൊറോണയെ പ്രതിരോധിക്കുമെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ബാസിൽ കാൽമെറ്റ്−ഗുറിൻ (ബി.സി.ജി) കൊറോണവൈറസിനെ പ്രതിരോധിക്കുമെന്നതിന് ഒരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന. ബി.സി.ജി വാക്സിനേഷൻ നടത്തുന്ന രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ കുറവാണെന്ന് പറയുന്ന അടുത്തിടെ പ്രസിദ്ധീകരിച്ച മൂന്ന് പഠനങ്ങൾ അവലോകനം ചെയ്തതായും തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും ഡബ്ലുഎച്ച്ഒ വ്യക്തമാക്കി.
മൂന്നു ഗവേഷണ റിപ്പോർട്ടുകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും പക്ഷപാതത്തിനും സാധ്യതയുണ്ട്. ജനസംഖ്യ, പരിശോധന നിരക്ക്, മഹാമാരിയുടെ വിവിധ ഘട്ടം തുടങ്ങിയവയിലൊക്കെ പഠനങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു.
‘ബി.സി.ജി വാക്സിൻ രോഗപ്രതിരോധ വ്യവസ്ഥയിൽ അവ്യക്തമായ ഫലമുണ്ടാക്കുമെന്ന് മൃഗങ്ങളിലും മനുഷ്യനിലും നടത്തിയ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതിന്റെ ഫലം പ്രത്യേക സവിശേഷകൾ നൽകുന്നില്ല. അതിനാൽ തന്നെ അതിന്റെ ക്ലിനിക്കൽ പ്രസക്തി അജ്ഞാതമാണ്’ ഡബ്ല്യു.എച്ച്.ഒ.പറഞ്ഞു.
ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടെക്സാസിലെ ആൻഡേഴ്സൺ ക്യാൻസർ സെന്റർ, ഛണ്ഡീഗഢിലെ പി.ജി.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ റിസർച്ച് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ബിസിജി വാക്സിനുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയത്. ബി.സി.ജി വാക്സിൻ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം കുറവാണെന്നായിരുന്നു മറ്റു രാജ്യങ്ങളുമായുള്ള താരതമ്യ പഠനത്തിൽ കണ്ടെത്തിയത്. എന്നാൽ ഇതിന് കൃത്യമായ തെളിവുകൾ ഇല്ലാത്തതിനാൽ കൊറോണയെ തടയുന്നതിന് ബി.സി.ജി വാക്സിൻ ശുപാർശ ചെയ്യുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ ‘ക്ഷയരോഗം കൂടുതലുള്ള രാജ്യങ്ങളിൽ നവജാതശിശുക്കൾക്ക് ബി.സി.ജി വാക്സിനേഷൻ ശുപാർശ ചെയ്യുന്നത് തുടരുന്നുവെന്നും ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കി.