വരാൻ പോകുന്നത് കഠിനമായ പ്രതിസന്ധി,യു.കെയിൽ 20 ലക്ഷം പേർ തൊഴിൽ രഹിതരാകുമെന്ന് ഋഷി സുനാക്

ലണ്ടൺ: കോവിഡ് പ്രതിസന്ധി യു.കെയുടെ സമ്പദ്വ്യവസ്ഥയെ അതീവ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ദേശീയ ട്രഷറിയായ എക്സ്ചെക്കറിന്റെ ചാൻസെലർ ഋഷി സുനാക്. ഈ സാമ്പത്തിക പാദത്തിൽ വളർച്ച കുറയുമെന്നും 20 ലക്ഷം ആളുകൾ തൊഴിൽരഹിതരാകുമെന്നുമാണ് ഋഷി സുനാക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെങ്കിലും അതെല്ലാം താത്കാലികമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നുമാസം യു.കെയുടെ ജി.ഡി.പി 35 ശതമാനം ഇടിയുമെന്നും തൊഴിലില്ലായ്മ നിരക്ക് 10 ശതമാനം വർധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഋഷി സുനാകിന്റെ പ്രസ്താവന വന്നിരിക്കുന്നത്. യു.കെയുടെ ധനക്കമ്മി 12,7300 കോടി യൂറോ ആയി വർധിക്കുമെന്നാണ് മുന്നറിയിപ്പുകൾ.
1929 ശേഷമമുണ്ടാകുന്ന ഏറ്റവും വലിയ ആഗോള സാമ്പത്തിക മാന്ദ്യം വരാൻ പോകുന്നുവെന്നാണ് അന്താരാഷ്ട്ര നാണയനിധിയും പറയുന്നത്. അതിനാൽ കഠിന യാധാർഥ്യങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവരികയെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും ഋഷി സുനാക് പറയുന്നു. ഇപ്പോൾ യു.കെ ഒരു പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് കടന്നുപോകുന്നത്. ഇതിലും വലുത് ഭാവിൽ വരാനിരിക്കുന്നു− അദ്ദേഹം പറഞ്ഞു.
സമ്പദ്ഘടനയെ സംരക്ഷിക്കാൻ നിയന്ത്രണങ്ങൾ എടുത്തുകളയേണ്ടതുണ്ടോയെന്ന ചോദ്യത്തിന്റെ ആവശ്യം പോലുമില്ല. അതിനേക്കാൾ പ്രാധാന്യം ജനങ്ങളെ രക്ഷിക്കുക എന്നതാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ മരിച്ചുവീഴുന്ന നിലവിലെ പ്രതിസന്ധി കാലത്ത് ഭരണകൂടം അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കുകയാണ് വേണ്ടതെന്നും മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.