പിടിച്ചിട്ട കപ്പലിലെ 66 പേർക്കുകൂടി കൊറോണ


ടോക്കിയോ∙ ജപ്പാനിലെ യോകോഹോമ തീരത്തു പിടിച്ചിട്ട ആഡംബര കപ്പൽ ഡയമണ്ട് പ്രിൻസസിലെ 66 യാത്രക്കാർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ 136 യാത്രികർക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇന്നലെ 70 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ കപ്പലിൽ യാത്ര ചെയ്ത ഒരാൾക്ക് ഹോങ്കോങ്ങിൽ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കപ്പൽ യോകോഹോമ തീരത്തു തടയുകയായിരുന്നു.

അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ച നിലയ്ക്ക് കപ്പലിലെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാൻ ആരോഗ്യ മന്ത്രി കട്സുനോബു കാട്ടോ വ്യക്തമാക്കി. എല്ലാ പരിശോധനകളും പൂർത്തിയാക്കി ഫലം പുറത്തറിഞ്ഞശേഷമേ യാത്രക്കാരെ പുറത്തുവിടൂ. കപ്പലിലുള്ളവരിൽ കൊറോണ വൈറസ് ബാധിച്ച 5 ജീവനക്കാർക്കും ഒരു യാത്രികനും ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ഇതിൽ നാലുപേർ ഫിലിപ്പീൻസ് സ്വദേശികളാണ് ഒരാൾ യുഎസ് പൗരനും മറ്റൊരാൾ യുക്രെയ്ൻ പൗരനുമാണ്.
അതേസമയം, ജപ്പാനിൽ ഇതുവരെ 160 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10 പേരെ ചൈനയിലെ വുഹാനിൽനിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്നതാണ്. 16 വിനോദസഞ്ചാരികൾക്കും വിനോദസഞ്ചാര ബസിന്റെ ഡ്രൈവർക്കും കൊറോണ ബാധിച്ചിട്ടുണ്ട്.

You might also like

Most Viewed