ട്രംപ്-കിം വിയറ്റ്നാം ഉച്ചകോടി ഫെബ്രുവരി 27 മുതൽ 28 വരെ

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള അടുത്ത ഉച്ചകോടി വിയറ്റ്നാമിൽ ഫെബ്രുവരി 27 മുതൽ 28 വരെ നടക്കും. അമേരിക്കൻ പ്രഡിഡണ്ട് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരകൊറിയ ബന്ദികളാക്കിയ എല്ലാവരും അമേരിക്കയിൽ തിരിച്ചെത്തിയെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ 15 മാസമായി മിസൈൽ വിക്ഷേപണങ്ങൾ ഇല്ല. താൻ അമേരിക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നെങ്കിൽ, തന്‍റെ അഭിപ്രായത്തിൽ ഇപ്പോൾ ഉത്തരകൊറിയയുമായി യുദ്ധം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുമായി ഇപ്പോൾ നല്ല ബന്ധമാണ് നിലനിൽക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. വിയറ്റ്നാമിലെ തീരനഗരമായ ഡാനാംഗിലാവും ഉച്ചകോടി.