സൊമാലിയയിൽ ഭീകരാക്രമണം : 28 പേർ കൊല്ലപ്പെട്ടു

മൊഗാദിഷു : സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിൽ അൽ ഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് ഭീകരർ ഉൾപ്പെടെ 28 മരണം. ഇന്നലെ രാവിലെ അൽ ദായ ഹോട്ടലിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ അന്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ പതിവായി എത്താറുള്ള ഹോട്ടലിലേക്ക് ഭീകരർ സ്ഫോടക വസ്തുനിറച്ച വാഹനം ഓടിച്ചുകയറ്റി സ്ഫോടനം നടത്തി. തുടർന്നു തോക്കുധാരികൾ ഹോട്ടലിലേക്ക് ഇരച്ചുകയറി അതിഥികളുടെ നേർക്ക് നിറയൊഴിക്കുകയായിരുന്നു. തുടർന്നു സുരക്ഷാ സേനയെത്തി ഭീകരരെ തുരത്താൻ ശ്രമിച്ചതോടെ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു.
ആക്രമണമുണ്ടായ ഉടൻ ഹോട്ടലിലെ താമസക്കാരിൽ പലരും കട്ടിലിനടിയിലും മറ്റും ഒളിച്ചു. ചിലർ നാലുനില കെട്ടിടത്തിന്‍റെ ജനാലയിലൂടെ പുറത്തേക്കു ചാടി. ആക്രമണം നടക്കുന്ന സമയത്ത് എം.പിമാർ ഉൾപ്പെടെ പല പ്രമുഖരും ഹോട്ടലിൽ ഉണ്ടായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഓൺലൈൻ റേഡിയോ അൻഡാലുസിലൂടെ അൽ ഷബാബ് അറിയിച്ചു.