ഫിറ്റ്‌നസ് ഡി.വി.ഡികള്‍ ഹാനികരമെന്ന് പഠനം


ന്യൂയോര്‍ക്ക്: ജിമ്മില്‍ പോകാതെ സമയവും പണവും ലാഭിക്കാന്‍ ഫിറ്റ്‌നസ് ഡി.വി.ഡികളെ ആശ്രയിച്ച്‌ വ്യായാമം ചെയ്യുന്നത് സാധാരണമാകുന്നു. എന്നാല്‍ ഇത്തരം ഡി.വി.ഡികള്‍ വിപരീതഫലങ്ങളാണുണ്ടാക്കുകയെന്ന് പഠനം പറയുന്നു. ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനമാണ് ഇത്തരം വ്യായാമരീതിയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ വ്യക്തമാക്കുന്നത്.അമിതമായ പ്രതീക്ഷകളാണ് ഇത്തരം വീഡിയോകള്‍ നല്‍കുന്നത്. അത്രയും മെച്ചപ്പെട്ട മാറ്റങ്ങള്‍ വീഡിയോ കണ്ട് ചെയ്യുന്ന വ്യായാമങ്ങള്‍ വഴി ലഭിക്കില്ലെന്ന് ഗവേഷകരിലൊരാളായ പ്രൊഫസര്‍ ബ്രാഡ് കാര്‍ഡിനല്‍ പറയുന്നു.ഡി.വി.ഡികളില്‍ നിര്‍ദ്ദേശകര്‍ നടത്തുന്ന ചില പ്രസ്താവനകളും വ്യായാമം ചെയ്തിട്ടും ശരീരത്തില്‍ വലിയ മാറ്റമില്ലാത്തതും വ്യായാമം ചെയ്യുന്നവരില്‍ മാനസികമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പഠനം പറയുന്നു.10 പ്രശസ്തരായ ഇന്‌സട്രക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളടങ്ങിയ ഡി.വി.ഡികളാണ് പഠനവിധേയമാക്കിയത്. അമിതപ്രതീക്ഷകള്‍ നല്‍കുന്നതും സാങ്കല്‍പ്പികവുമാണ് ഇത്തരം വീഡിയോകളെന്ന് പഠനം വ്യക്തമാക്കുന്നു. ഇത്തരം ഡി.വി.ഡികള്‍ നല്‍കുന്ന ദൃശ്യ-ശ്രവ്യരീതികളെങ്ങിനെയാണ് ഉപഭോക്താക്കളെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.വര്‍ധിച്ച തോതില്‍ വിപണികള്‍ കീഴടക്കുന്ന ഇത്തരം ഡി.വി.ഡികള്‍ ശാസത്രീയമല്ലെന്നും, ചില വ്യായാമങ്ങള്‍ ചെയ്യുന്ന രീതിയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്‌ ഡി.വി.ഡികളില്‍ മുന്നറിയിപ്പ് നല്‍കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.വ്യായാമം ചെയ്യുന്നതിനായി ഡി.വി.ഡികളും വീഡിയോകളും ആശ്രയിക്കുന്നവര്‍ അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ ശ്രദ്ധാലുക്കളാകണമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed