മാണിക്യ കാവ്

കവിത - കെ.ജി ബാബു
കൽവിളക്കെരിയുന്ന പുകയുന്ന കാവിൽ
കരിന്പുക ചുരുളുപോൽ കരിനാഗമിഴയും
ശിരസ്സുയർത്തി നാഗശിൽപങ്ങളവിടെ
ഫണമുയർത്തും നാഗരാജനായ് മാറും
വള്ളികൾ വേരുകൾ പിണയുന്ന കാവിൽ
നാഗങ്ങളിണ ചേർന്നു പുളയുന്ന കാവിൽ
കരിനാഗമുണ്ടതിൽ മണിനാഗമുണ്ട്
മാണിക്യ കല്ലിന് കാവലവരുണ്ട്
പഴമയുടെ പഴകിയൊരു ഇല്ലമതിലുണ്ട്
പഴകിയൊരു മുത്തശ്ശി പേരിന്നുമുണ്ട്
പതിവായി പാന്പിന് പൂജകളുമുണ്ട്
പലയിനം പാന്പുറകൾ അങ്ങിങ്ങുമുണ്ട്
കാവിലെ ഗന്ധർവ്വ പാലമരകൊന്പിൽ
കടവാതിലിൻകൂട്ടം ഊഞ്ഞാലിലാടും
രാത്രിയുടെ തീപൊരിയൻ മിന്നും മിനുങ്ങുകൾ
മാണിക്യ കല്ലുപോൽ മിന്നിത്തിളങ്ങും
ഇരുളും തുളച്ചു കൊണ്ടന്നം പിടിക്കുന്ന
കുറുകുന്ന മൂങ്ങയുടെ മൂരാച്ചി രൂപം
തോരണം തീർത്തു കൊണ്ടാടുന്ന വള്ളിയുടെ
നിഴലുകൾ പാന്പാട്ടമാടുന്നു കാവിൽ
ഇഴയുന്ന നാഗങ്ങൾ ഇറയത്തു പോലും
പിണയുന്ന നാഗങ്ങൾ മേൽക്കൂര മേലും
ഇടവിട്ട് ഇഴഞ്ഞിടും ഇറയത്തെ വിള്ളൽ
ക്കിടയിലും നാഗം ഒളിഞ്ഞിരിപ്പുണ്ട്
ഇല്ലം തുരക്കും തുരപ്പന്മാർ അന്തിക്ക്
ഉമ്മറപ്പടി വാതിൽ എത്തി നിൽപ്പുണ്ട്
ഒരു കൊച്ചു മുളവടി ഊന്നി പിടിച്ചു
കൊണ്ടൊരു തന്പുരാട്ടി വളഞ്ഞിരിപ്പുണ്ട്
ഒരു തിരിവെട്ടം ഇരുട്ടിന്നകറ്റുവാൻ
മിന്നാമിനുങ്ങു പോൽ കാറ്റിലാടുന്നു
അമരും വിളക്കിന്റെ അഴിയും പുകച്ചുരുൾ
ഇഴയുന്നു പാന്പു പോൽ വൃദ്ധക്ക് ചുറ്റിലും
തിരിവിളക്കണയുന്ന അന്തിശ്വാസത്തിന്റെ
നെടുവീർപ്പിലമരുന്നു മുത്തശ്ശി മുറിയിൽ
അവസാന കാഴ്ചയിൽ അരുണോദയം പോൽ
മാണിക്യമായ് എത്തി നാഗരാജാവും
സിംഹാസനം പോൽ ഫണമുയർത്തി നാഗം
കണ്ണീർ കുടഞ്ഞന്ത്യ യാത്രയാക്കീടുന്നു
മാണിക്യകല്ലിൻ തിളക്കത്തിൽ മുത്തശ്ശി
മാണിക്യം പോലെ തിളങ്ങി കിടപ്പൂ