ക്രൂഡ് ഉത്പാദനം വെട്ടിക്കുറയ്ക്കാൻ വിശാലധാരണ

വിയന്ന: ക്രൂഡ് ഓയിൽ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ വിശാലധാരണ. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപെക്)യും അവരുമായി സഹകരിച്ചു നീങ്ങുന്ന റഷ്യയടക്കമുള്ള രാജ്യങ്ങളും (ഒപെക് പ്ലസ്) അവയിൽപ്പെടാത്ത അമേരിക്ക അടക്കമുള്ള രാജ്യങ്ങളും ചേർന്നാണ് വിശാലധാരണ. ഔപചാരികമായി പത്തുശതമാനം ഉത്പാദനം കുറയ്ക്കുമെന്നാണ് ഒപെക് പ്രസ്താവനയിൽ പറയുന്നത്. മേയ് മുതൽ അടുത്തവർഷം പകുതി വരെയുള്ള കാലത്തേക്ക് ഉള്ളതാണു ധാരണ. അമേരിക്കൻ പ്രസിഡണ്ട്് ഡോണൾഡ് ട്രംപാണ് ധാരണയുടെ സൂത്രധാരൻ. മാർച്ചിലെ ഉത്പാദനവുമായി തട്ടിച്ചുനോക്കുന്പോൾ 20 ശതമാനം കുറവാണ് ഉത്പാദനത്തിൽ വരികയെന്ന് ഒപെക് വൃത്തങ്ങൾ വിശദീകരിച്ചു. സൗദി അറേബ്യയും റഷ്യയും വിലയുദ്ധം പ്രഖ്യാപിച്ച മാർച്ചിൽ രാജ്യങ്ങൾ മത്സരിച്ചു വില കുറയ്ക്കുകയും ഉത്പാദനം കൂട്ടുകയും ചെയ്തിരുന്നു. ഒപെകിലും ഒപെക് പ്ലസിലും ഉണ്ടായിരുന്ന ധാരണകളെല്ലാം അന്നു കാറ്റിൽപ്പറത്തി. ആ വിലയുദ്ധം ഇപ്പോൾ അവസാനിക്കും.
ഒപെക് രാജ്യങ്ങൾ ഉത്പാദനം പ്രതിദിനം 97 ലക്ഷം വീപ്പ കുറയ്ക്കും. റഷ്യയടക്കം ഒപെക് പ്ലസിലുള്ളവരും അതിൽപ്പെടാത്ത അമേരിക്ക, ബ്രസീൽ, കാനഡ, നോർവേ, ഇന്തോനേഷ്യ എന്നിവയും ചേരുന്പോൾ ഉത്പാദനത്തിലെ പ്രതിദിന കുറവ് 200 ലക്ഷം വീപ്പയാകും. ഈ ധാരണകൊണ്ടു വിപണിയിൽ വലിയ മാറ്റം വരില്ലെന്നാണു വിലയുടെ ഗതി കാണിക്കുന്നത്. കോവിഡിനെത്തുടർന്നു വിവിധ രാജ്യങ്ങളിലെ ലോക്ക് ഡൗൺ മൂലം എണ്ണ ഉപയോഗം 30 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇതുമൂലം വിപണിയിലുള്ള അമിതലഭ്യത കുറയ്ക്കാൻ ഇത്രയും ഉത്പാദനം കുറച്ചാൽ പോരാ. അതുകൊണ്ടാണ് വില നേരിയ തോതിൽ മാത്രം കയറിയിറങ്ങിയത്. ബ്രെന്‍റ് ഇനം വീപ്പയ്ക്ക് 33 ഡോളറിനു മുകളിലെത്തിയിട്ട് 32 ഡോളറിനടുത്തേക്ക് വീണ്ടും താണു.