ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർധനവ്


മനാമ: ഈ വർഷം സെപ്റ്റംബർ വരെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർധനയുണ്ടായതായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 6.4 ദശലക്ഷത്തിൽ എത്തിയതായും പാർലമെന്റ് പ്രതിവാര സെഷനിൽ അദ്ദേഹം എം.പിമാരെ അറിയിച്ചു. കോവിഡ് മഹാമാരിക്കുമുമ്പുള്ള നിരക്കിലേക്ക് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണം എത്തിക്കൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ അതിലധികം യാത്രക്കാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷത്തിൽ 14 ദശലക്ഷം യാത്രക്കാർ എന്ന ലക്ഷ്യത്തിലെത്താൻ പദ്ധതികൾ നിലവിലുണ്ട്. ലാഭകരമായ റൂട്ടുകൾ കണ്ടെത്തേണ്ടതുണ്ടെന്ന എം.പിമാരുടെ അഭിപ്രായത്തോട് യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. പക്ഷേ, റൂട്ടുകൾ നിശ്ചയിക്കുമ്പോൾ മറ്റ് പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. സാങ്കേതികമോ പ്രവർത്തനപരമോ ആയ വശങ്ങൾ മാത്രമല്ല, രാഷ്ട്രീയപരമായും സുരക്ഷാപരമായുമുള്ള അനുമതികളും ആവശ്യമാണ്. രാഷ്ട്രീയമായും നയതന്ത്രപരമായും ബന്ധമില്ലാത്ത രാജ്യങ്ങളുമായി ചർച്ച ചെയ്യുന്നത് അപ്രായോഗികമാണ്. ബഹ്‌റൈനും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യോമയാന കരാറിനെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാർ ശൂറ കൗൺസിലിന്റെ അവലോകനത്തിനായി അയച്ചു. വ്യോമഗതാഗതം ലാഭകരമായി നടക്കാൻ സാധ്യതയില്ലാത്ത രാജ്യവുമായി കരാർ ഒപ്പിടുന്നതിനെ എം.പിമാർ വിമർശിച്ചു. സിറിയ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്ക് വിമാന സർവിസ് തുടങ്ങിയാൽ ലാഭകരമായിരിക്കുമെന്ന് ചില എം.പിമാർ ചൂണ്ടിക്കാട്ടി. ബഹ്‌റൈനിൽനിന്ന് നേരിട്ടുള്ള വിമാനങ്ങൾ ഉണ്ടെങ്കിൽ യാത്രക്കാർ ധാരാളമുണ്ടാകും. അവിടേക്കുള്ള വിമാന സർവിസ് നിർത്തിവെക്കാനിടയാക്കിയ സാഹചര്യം മാറിയെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.

article-image

DSDFDDSDSD

You might also like

  • Straight Forward

Most Viewed