പ്രവാസികൾക്ക് ഓഫ്‌ഷോർ ബാങ്കിങ് സേവനങ്ങളുമായി ഫെഡറൽ ബാങ്ക്


ദുബായ്: പ്രവാസികളുൾപ്പെടെയുള്ള റീട്ടെയ്ൽ ഇടപാടുകാർക്ക് വിദേശകറൻസികളിൽ അനായാസം ഇടപാടുനടത്താനുള്ള പുതിയ സൗകര്യങ്ങൾ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ഗിഫ്റ്റ് സിറ്റി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയിലെ ഫെഡറൽ ബാങ്കിന്റെ ശാഖയിലൂടെയാണ് പ്രസ്തുത സൗകര്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർസ് അതോറിറ്റി (ഐ എഫ് എസ് സി എ)  അടുത്തയിടെ നടപ്പിലാക്കിയ മാറ്റങ്ങളെ തുടർന്ന് വിദേശ കറൻസിയിലുള്ള വായ്പ, കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോൾ റീട്ടെയ്ൽ ഇടപാടുകാർക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബാങ്കിന്റെ ഗിഫ്റ്റ് സിറ്റി ശാഖയിൽ നിലവിൽ ലഭ്യമായ ട്രേഡ് ഫിനാൻസ്, കോർപ്പറേറ്റ് ലോൺ, ട്രഷറി ഉത്പന്നങ്ങൾ തുടങ്ങിയ സൗകര്യങ്ങൾക്കു പുറമെയാണ് റീട്ടെയ്ൽ ഇടപാടുകാർക്കു വേണ്ടിയുള്ള പുതിയ സൗകര്യങ്ങൾ. ഒരു വർഷത്തിനു താഴെ കാലാവധിയുള്ള സ്ഥിരനിക്ഷേപം, വിദേശകറൻസിയിൽ വ്യക്തിഗത വായ്പകൾ തുടങ്ങി ഡി ഐ എഫ് സി ദുബായ്, സിംഗപ്പൂർ, ലണ്ടൻ തുടങ്ങിയ ഇടങ്ങളിലെ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള ഓഫ്ഷോർ ബാങ്കിംഗ് സൗകര്യങ്ങൾ ഫെഡറൽ ബാങ്ക് ശാഖയിലും ലഭ്യമായിരിക്കുകയാണ്.

ഗിഫ്റ്റ് സിറ്റിയിൽ തുടക്കം മുതൽ തന്നെ അംഗമായ ബാങ്കെന്ന നിലയിൽ കോർപ്പറേറ്റ് ഇടപാടുകാർക്കായുള്ള നിരവധി പദ്ധതികൾ ഫെഡറൽ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. പുതിയ സൗകര്യങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അശുതോഷ് ഖജൂരിയ പ്രസ്താവിച്ചു. വിദേശ കറൻസിയിലുള്ള സ്ഥിരനിക്ഷേപത്തിന്റെ കാലാവധി ഒരു വർഷത്തിൽ താഴെയാണെങ്കിലും, പുതിയ സംവിധാനത്തിനു കീഴിൽ പലിശ ലഭിക്കുന്നതാണ്. കൂടാതെ,കറന്റ് അക്കൗണ്ട്, വിദേശ കറൻസിയിൽ വായ്പ എന്നു തുടങ്ങി മറ്റു ബാങ്ക് ശാഖകളിൽ നിലവിൽ ലഭ്യമല്ലാത്ത അനേകം സൗകര്യങ്ങൾ റീട്ടെയിൽ ഇടപാടുകാർക്കു പ്രാപ്യമാവുന്നു എന്നത് പ്രവാസി ഇടപാടുകാർക്ക് നേട്ടം തന്നെയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിനോടനുബന്ധിച്ചു നടത്തിയ വെബിനാറിൽ യു എ ഇയിലെ സ്റ്റീഫൻസൺ ഹാർവുഡിൽ കൗൺസെൽ ആയ സുനിത സിംഗ് ദലാൽ, ഇക്വിറസ് വെൽത്ത് സി ഇ ഒ അങ്കുർ മഹേശ്വരി എന്നിവർ വെൽത്ത് മാനേജ്മെന്റിനെക്കുറിച്ചു സംസാരിച്ചു.

You might also like

Most Viewed