മിടുക്കരായ വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷ എഴുതാതെ തന്നെ എൻജിനിയറിംഗ് കോഴ്‌സിന് പ്രവേശനം നേടാം


മിടുമിടുക്കരായ വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷ എഴുതാതെ തന്നെ എൻജിനിയറിംഗ് കോഴ്‌സിന് പ്രവേശനം നേടാൻ അവസരം. എ.ഐ.സി.ടി.ഇയാണ് സൂപ്പർ ന്യൂമററി സീറ്റുകളിലേക്കുള്ള മാർഗനിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഓരോ എൻജിനിയറിംഗ് കോളേജിലും രണ്ടു സീറ്റുകൾ ഇവർക്ക് മാറ്റിവയ്‌ക്കണം.

ഈ കുട്ടികൾ ട്യൂഷൻ ഫീസ് അടയ്‌ക്കേണ്ടതില്ല. പരീക്ഷ, ഹോസ്റ്റൽ, ലൈബ്രറി, ഗതാഗതം, ലബോറട്ടറി, മറ്റു പഠന പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് ഫീസ് ഈടാക്കും.

പ്രവേശനം അനുവദിക്കുന്ന സ്ഥാപനങ്ങളെ അവരുടെ അക്രഡിറ്റേഷൻ സ്‌കോറും റാങ്കിംഗ് നിലവാരവും നോക്കിയാണ് എ.ഐ.സി.ടി.ഇ തിരഞ്ഞെടുക്കുന്നത്. മൂന്നു പേരെങ്കിലും വിദ്യാർത്ഥികളെ ശുപാർശ ചെയ്യണം. ശുപാർശകൾ പരിശോധിച്ച് ഒരു വിദഗ്ദ്ധ സമിതി അന്തിമതിരഞ്ഞെടുപ്പ് നടത്തും. തുടർന്ന് അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുക്കുന്നത്.

സർക്കാരോ, പ്രശസ്തമായ സർക്കാരിതര സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന ദേശീയ, അന്തർദേശീയ തലത്തിലുള്ള മത്സരങ്ങളിൽ ജേതാക്കളായവർക്ക് അപേക്ഷിക്കാം. നാഷണൽ കൗൺസിൽ ഒഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്, വിദ്യാഭ്യാസ മന്ത്രാലയം, കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യുക്കേഷൻ, ഡി.ആർ.ഡി.എ എന്നിവയിൽ നിന്നു ധനസഹായം ലഭിച്ച വിദ്യാർത്ഥികളും പ്രവേശനത്തിന് യോഗ്യരാണ്. ആഗോള കന്പനികളിൽ നിന്നോ, ലാഭേച്‌ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളിൽ നിന്നോ ധനസഹായം ലഭിച്ച വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. യു.ജി.സി കെയർ−2 വിഭാഗം ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവർക്കും യോഗ്യതയുണ്ട്.

ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട മൊബൈൽ ആപ്ളിക്കേഷനുകളോ, സാങ്കേതിക വിദ്യകളോ വികസിപ്പിച്ചവുരം യോഗ്യരാണ്.

You might also like

Most Viewed